അഹമ്മദാബാദ്: ബില്‍ക്കീസ് ബാനോ കേസിലെ 11 കുറ്റവാളികളും കീഴടങ്ങി. കീഴടങ്ങാനുള്ള സമയപരിധി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ഇന്നലെ രാത്രി 11.45നാണ് എല്ലാ പ്രതികളും ഗുജറാത്തിലെ ഗോധ്ര സബ് ജയിലില്‍ എത്തിയത്. ലോക്കല്‍ ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ജയിലില്‍ കീഴടങ്ങാന്‍ സാവകാശം വേണമെന്ന 11 പേരുടെയും ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
ബില്‍ക്കിസ് ബാനോയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവാളികളെ നിയമവിരുദ്ധമായി വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ഈമാസം എട്ടിനാണ് സുപ്രീംകോടതി റദ്ദാക്കിയത്. തുടര്‍ന്ന് രണ്ടാഴ്ച്ചയ്ക്കകം കുറ്റവാളികള്‍ എല്ലാവരും തിരിച്ച് ജയിലില്‍ കീഴടങ്ങണം എന്നായിരുന്നു ഉത്തരവ്.
ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പ്രതികളുടെ ഹര്‍ജി നേരത്തെ തള്ളിയിരുന്നത്. വിധി പറഞ്ഞപ്പോള്‍ lന്നെ ജയിലിലേക്ക് മടങ്ങാന്‍ രണ്ടാഴ്ച സാവകാശം നല്‍കിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതുതായി പറയുന്ന കാരണങ്ങളൊന്നും കൂടുതല്‍ സമയം നല്‍കാന്‍ പര്യാപ്തമല്ലെന്നും കോടതി പറഞ്ഞു.
ആരോഗ്യം, കുടുംബകാര്യങ്ങള്‍, മകന്റെ വിവാഹം, വിളവെടുപ്പുകാലം, മാതാപിതാക്കളുടെ അസുഖം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് പ്രതികള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികളുടെ മോചനം റദ്ദാക്കി അതേ ബെഞ്ച് തന്നെയാണ് പുതിയ ഹര്‍ജികളും പരിഗണിച്ചത്. ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ ഭായ് വൊഹാനിയ, പ്രദീപ് മോര്‍ദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണു കേസിലെ പ്രതികള്‍.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനോയെ കൂട്ടബലാല്‍സംഗം ചെയ്യുകയും രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. ജയിലില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി എന്ന കാരണം പറഞ്ഞാണ് 2022 ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവര്‍ക്ക് ശിക്ഷ ഇളവുനല്‍കി വിട്ടയച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രിംകോടതി വിധി.