ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങി. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഉത്സവമൂര്‍ത്തിയായ രാംലല്ലയുടെ ജലാഭിഷേകം നടന്നു. ഉച്ചയ്ക്ക് പന്ത്രണ്ടിന് ശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ചടങ്ങിന്റെ മുഖ്യയജമാനന്‍.
ആറ് ദിവസത്തെ അനുഷ്ഠാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കൃഷ്ണാശിലാ വിഗ്രഹത്തിലേയ്ക്ക് ദേവചൈതന്യം പകരുമെന്നാണ് വിശ്വാസം. 12.20-ന് തുടങ്ങുന്ന ചടങ്ങുകള്‍ ഒരുമണിവരെ നീളും. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ 8000 അതിഥികളുടെ സാന്നിധ്യമുണ്ടാവും.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി ക്ഷേത്രപ്രതിഷ്ഠയുടെ മുഖ്യയജമാനനാകുന്നത്. ആര്‍എസ്എസ് മേധാവിയും യുപി മുഖ്യമന്ത്രിയും ഗവര്‍ണറും ക്ഷേത്രട്രസ്റ്റ് അംഗങ്ങളും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ഗര്‍ഭഗൃഹത്തിലുണ്ടാകും. പ്രത്യേക ക്ഷണം ലഭിച്ച 8000 പേര്‍ ക്ഷേത്രാങ്കണത്തിലുണ്ടാകും. ഇതില്‍ 2000 പേര്‍ കേരളത്തില്‍ നിന്നാണ്. ഒരു മണിയോടെ ചടങ്ങുകള്‍ തീരും. കുബേര്‍ തില ശിവക്ഷേത്രത്തിലും മോഡി ദര്‍ശനം നടത്തും.
അഞ്ച് വയസുള്ള ബാലനായ രാമനാണ് അയോധ്യയിലെ പ്രതിഷ്ഠ. താത്ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൃഷ്ണശിലയില്‍ തീര്‍ത്തതാണ് രാംലല്ല. വിഗ്രഹത്തെ ഉണര്‍ത്താന്‍ ജാഗരണ അധിവാസം നടത്തും. ചടങ്ങിലേക്ക് എണ്ണായിരം പേര്‍ക്കാണ് ക്ഷണമുള്ളത്. രജനികാന്ത്, ധനുഷ്, ചിരഞ്ജീവി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തും. ബോളിവുഡ് താരങ്ങളും കായിക താരങ്ങളും പങ്കെടുക്കും. ചടങ്ങിന് 50 രാജ്യങ്ങളിലെ പ്രതിനിധികളെത്തും.
Discussion about this post