‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ കുടുംബം താരത്തിന്റെ ആദ്യഭര്‍ത്താവ് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്റെ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത്. ഷുഐബും സാനിയ മിര്‍സയും തമ്മില്‍ കുറച്ചുമാസങ്ങള്‍ക്കുമുന്‍പ് വിവാഹമോചിതരായിരുന്നുവെന്നും ഷുഐബിന്റെ വിവാഹത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാനിയയുടെ കുടുംബം വ്യക്തമാക്കി.

ഷുഐബ് മാലിക് കഴിഞ്ഞദിവസമാണ് പാക് ടെലിവിഷന്‍ താരം സന ജാവേദിനെ വിവാഹം ചെയ്തത്. ഈ വിവരം ഷുഐബ് മാലിക് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ സാനിയ മിര്‍സയുമായി പിരിയാതെയാണോ ഷുഐബിന്റെ വിവാഹം നടന്നതെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

തുടര്‍ന്നാണ് സാനിയയുടെ കുടുംബം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഷുഐബും സാനിയയും നേരത്തെ വേര്‍പിരിഞ്ഞതാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരാധകരോട് കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണ്.

‘പൊതുസമൂഹത്തില്‍ നിന്നും സാനിയ എപ്പോഴും തന്റെ വ്യക്തിജീവിതം മാറ്റിനിര്‍ത്തിയിരുന്നു. എന്നാലിന്ന് ഷുഐബും അവളും കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് വേര്‍പിരിഞ്ഞതാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമുണ്ടായിരിക്കുകയാണ്. പുതിയ ജീവിതത്തിന് ഷുഐബിന് എല്ലാ ആശംസകള്‍ അവള്‍ അറിയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു നിമിഷത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും അഭ്യര്‍ഥിക്കുകയാണ്’, – എന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന.
also read-ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉടമസ്ഥാവകാശ രേഖയ്ക്ക് അരലക്ഷം കൈക്കൂലി; പാലക്കാട് തഹസില്‍ദാര്‍ അറസ്റ്റില്‍
പാക് നടി സന ജാവേദുമായുള്ള വിവാഹം കഴിഞ്ഞ വിവരം ഷുഐബ് കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്. നേരത്തെ ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

Exit mobile version