ചെന്നൈ: നടി ഷക്കീലയെ വളര്‍ത്തുമകളായ ശീതള്‍ മര്‍ദിച്ചതായി പരാതി. ഷക്കീലയുടെ അഭിഭാഷകയ്ക്കും മര്‍ദനമേറ്റു. സംഭവത്തെ തുടര്‍ന്ന് ശീതളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പോലീസാണ് ശീതലിനെതിരെ കേസെടുത്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ഷക്കീലയ്ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് മര്‍ദനത്തിലേക്ക് കലാശിക്കുകയായിരുന്നു.
പിന്നീട് ശീതള്‍ വീടുവിട്ട് പോയെന്നുമാണ് വിവരം. നടി ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നര്‍മ്മദയെ അറിയിച്ചത്. അതിനുശേഷം അഭിഭാഷകയായ സൗന്ദര്യയ്ക്കൊപ്പം നര്‍മ്മദ ഷക്കീലയുടെ അടുത്ത് എത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളും പണത്തെക്കുറിച്ചുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്നാണ് പ്രഥമിക വിവരം.
Discussion about this post