മോഡിയുടെ ഭരണകാലത്തെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഗുജറാത്ത് സര്‍ക്കാരിന്  തിരിച്ചടി

കേസ് മാറ്റിവക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യത്തെയും കോടതി വിമര്‍ശിച്ചു

നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരുന്ന കാലത്തെ വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കേസ് മാറ്റിവക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യത്തെയും കോടതി വിമര്‍ശിച്ചു.

നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന 2002 -2006 കാലഘട്ടത്തില്‍ ഗുജറാത്തില്‍ ഉണ്ടായ 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സുപ്രീം കോടതി ഉത്തരവോടെ ഹര്‍ജിക്കാര്‍ക്ക് ലഭ്യമാവുക. റിപ്പോര്‍ട്ട് രഹസ്യമാക്കി വക്കണം എന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം.

ഇത് നിരാകരിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. ജസ്റ്റിസ് എച്ച്.എസ് ബേദി കമ്മീഷനാണ് വ്യാജ ഏറ്റമുട്ടലുകള്‍ അന്വേഷിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യത്തില്‍ എച്ച്.എസ് ബേദിയോട് സുപ്രീം കോടതി നേരെത്തെ വിശദീകരണം ആരാഞ്ഞിരുന്നു.

8 പേജുള്ള ഈ വിശദീകരണ കുറിപ്പ് പരിശോധിച്ച ശേഷമാണ് ഹര്‍ജിക്കാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിലെ ഉള്ളടക്കം നിലവില്‍ ശരിവച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്ക് അഭിപ്രായവും പരാതിയും രേഖപ്പെടുത്താന്‍ അവസരം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തത വരുത്തി. ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്ററല്‍ ജനറല്‍ തുഷാര്‍ മേത്ത കേസ് മാറ്റി വക്കാനായി ആവശ്യപ്പെട്ടത് കോടതിയെ ചൊടിപ്പിച്ചു.

ആവര്‍ത്തിച്ച് ഇതേകാര്യം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകനായിരുന്ന ബി.ജി വര്‍ഗീസ്, കവി ജാവേദ് അക്തര്‍ എന്നിവരാണ് കേസിലെ ഹര്‍ജിക്കാര്‍. നാലാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Exit mobile version