മുംബൈ: മുംബൈയിൽ നിന്നും വിമാനം പറന്നുയർന്നത് മുതൽ ബംഗളൂരുവിൽ ഇറങ്ങുന്നതുവരെ യാത്രക്കാരന് വിമാനത്തിലെ ടോയ്‌ലെറ്റിൽ സമയം കഴിച്ചുകൂട്ടേണ്ടി വന്നു. വിമാനം പറന്നുയർന്ന ഉടനെ തന്നെ ശൗചാലയത്തിലേക്ക് പോയ യാത്രക്കാരൻ ലോക്ക് തകരാറയതിനെ തുടർന്നാണ് അകത്ത് കുടുങ്ങിപ്പോയത്.
വാതിൽ തുറന്ന് പുറത്തിറങ്ങാനാകാതെ വന്നതോടെ ഒരുമണിക്കൂർ യാത്രക്കാരന് ഷൗചാലയത്തില് കഴിയേണ്ടി വന്നു. മുംബൈ-ബെംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിലാണ് ചൊവ്വാഴ്ച ഈ സംഭവമുണ്ടായത്. മുംബൈയിൽനിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് യാത്രക്കാരൻ ശൗചാലയത്തിൽ കയറിയത്.
വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ ഉള്ളിൽ കുടുങ്ങിയ യാത്രക്കാരനെ പിന്നീട് വിമാനം ബംഗളൂരുവിൽ ഇറങ്ങിയശേഷം ടെക്നീഷ്യൻ എത്തി വാതിൽ തുറന്നാണ് പുറത്തെത്തിച്ചത്. യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയതോടെ വാതിൽ തുറക്കാൻ വിമാനത്തിലെ ജീവനക്കാർ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടർന്ന് ജീവനക്കാർ ഒരു കുറിപ്പ് അകത്തുള്ള യാത്രക്കാരന് കൈമാറി – ”സർ, ഞങ്ങൾ പരാമാവധി ശ്രമിച്ചെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പരിഭ്രാന്തനാകരുത്. നമ്മൾ അൽപസമയത്തിനകം ലാൻഡ് ചെയ്യും. അതുവരെ സുരക്ഷിതമായി ടോയ്ലറ്റിന്റെ അടപ്പിനുമുകളിൽ ഇരിയ്ക്കണം. എൻജിനീയർ വന്നാലുടൻ വാതിൽ തുറക്കും”- എന്നായിരുന്നു സന്ദേശം.
ഇതോടെ ശുചിമുറിയ്ക്കുള്ളിലിരുന്ന് യാത്രക്കാരൻ ഒരുമണിക്കൂർ യാത്ര ചെയ്തു. പിന്നീട് വിമാനം ബെംഗളൂരുവിൽ ഇറങ്ങിയശേഷം ടെക്നീഷ്യൻ എത്തി വാതിൽ തുറക്കുകയായിരുന്നു.
നിർഭാഗ്യവശാൽ, ലോക്കിന്റെ തകരാറുകാരണം യാത്രക്കാരൻ ഒരുമണിക്കൂറോളം ശുചിമുറിയിൽ കുടുങ്ങി. ജീവനക്കാർ അദ്ദേഹത്തിന് യാത്രയിലുടനീളം നിർദേശങ്ങളും സഹായവും നൽകിുകയും ചെയ്‌തെന്നാണ് സ്പൈസ് ജെറ്റ് വിഷയത്തിൽ പ്രതികരിച്ചത്. ബംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തിൽ എത്തിയ വിമാനത്തിന് അകത്തേക്ക് എൻജിനീയറെത്തി ശുചിമുറിയുടെ വാതിൽ തുറന്നതായും യാത്രക്കാരന് വൈദ്യസഹായം നൽകിയെന്നും വിമാനക്കമ്പനി വിശദീകരിച്ചു.