ഹണിമൂൺ യാത്ര 13 മണിക്കൂർ വൈകിയത് പ്രകോപിപ്പിച്ചു; കോപൈലറ്റിനെ ആക്രമിച്ചതിന് അറസ്റ്റിലായ യാത്രക്കാരന്റെ മൊഴി

ന്യൂഡൽഹി: 13 മണിക്കൂർ വിമാനം പുറപ്പെടാൻ വൈകിയതിനെ കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിനിടെ കോപൈലറ്റിന് ആക്രമണം നേരിട്ട സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്.യാത്രക്കാരൻ പൈലറ്റിനെ മർദ്ദിച്ചത് ഹണിമൂണിനായി തിരിച്ച യാത്ര വൈകിയതിനെ ചൊല്ലിയാണെന്നാണ് വിശദീകരണം. ഹണിമൂൺ യാത്ര 13 മണിക്കൂർ വൈകിയതിനാലാണ് താൻ അപമര്യാദയായി പെരുമാറിയത് എന്ന് പോലീസ് പിടികൂടിയ സാഹിൽ കതാരിയ പറഞ്ഞു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഡൽഹിയിൽനിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടർന്ന് 13 മണിക്കൂറോളം വൈകിയത്. ഇതേകുറിച്ച് സംസാരിക്കുന്നതിനിടെയാണ് സഹപൈലറ്റ് അനൂപ് കുമാറിനെ സാഹിൽ കതാരിയ മർദ്ദിച്ചത്. ഇയാളെ വിമാനത്തിൽ നിന്നിറക്കിയശേഷം അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു.

വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നതിനിടെ സാഹിൽ എഴുന്നേറ്റുചെന്ന് ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാർ തടഞ്ഞു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്.

ALSO READ- നടി സ്വാസിക വിജയ്ക്ക് പ്രണയസാഫല്യം; വിവാഹം ജനുവരിയിൽ തന്നെ; വരനും പ്രേക്ഷകരുടെ പ്രിയതാരം

യാത്രക്കാരന്റെ പേരിൽ പരാതി നൽകിയതായി ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ പ്രകോപിതരായിരുന്നു. ടേക്കോഫിനായി വിമാനത്തിൽ പ്രവേശിപ്പിക്കുന്ന യാത്രക്കാരെ വിമാനം റദ്ദാക്കിയാൽ മാത്രമാണ് പുറത്തിറക്കുക. വിമാനം റദ്ദാക്കിയതായി പ്രഖ്യാപിച്ച് യാത്രക്കാരെ പുറത്തിറക്കണമെങ്കിൽ ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത്രയേറെ സമയം വിമാനത്തിൽ കഴിച്ചുകൂട്ടേണ്ടി വന്നതോടെയാണ് യാത്രക്കാർ പ്രകോപിതരായത്.

Exit mobile version