ഇംഫാൽ: നവകേരളയാത്രയ്ക്കായി കേരളസർക്കാർ ഉപയോഗിച്ച ബസിലെ സൗകര്യങ്ങൾ ചർച്ചയാക്കിയവരെ പോലും സ്തബ്ധരാക്കിക്കൊണ്ട് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി ഒരുക്കിയ ബസ്. നീണ്ടയാത്രയ്ക്കായി രാഹുലിനെ വഹിക്കുന്ന അത്യാഡംബര ബസിൽ ഉള്ളത് ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ്.
ഭാരത് ജോഡോ ന്യായ് യാത്രയുടെ രാഹുലിന്റെ ബസിൽ ലിഫ്റ്റ്, ശുചിമുറി തുടങ്ങി കോൺഫറൻസ് റൂം വരെയുണ്ട്. ബസിനു മുകളിലേക്ക് ഉയർന്നുവരുന്നതിനാണ് ലിഫ്റ്റ് ഒരുക്കിയിരിക്കുന്നത്. ലിഫ്റ്റിലൂടെ ഉയർന്നുവന്ന്, ബസിനു മുകളിൽ നിന്ന് രാഹുൽ ഗാന്ധിക്ക് ജനങ്ങളോട് പ്രസംഗിക്കാനാകും.
ബസിലെ കോൺഫറൻസ് റൂം 8 പേർക്കു യോഗം ചേരാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ബസിനു പിൻ ഭാഗത്തായാണ് ഈ കോൺഫറൻസ് റൂം ഒരുക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ ജനങ്ങളുമായി രാഹുലിന് ചർച്ച നടത്താനും സാധിക്കും.
ALSO READ- ധൻബാദിലേക്കുള്ള ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ചനിലയിൽ
കൂടാതെ, ഈ കോൺഫറൻസ് ദൃശ്യങ്ങൾ ബസിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിലൂടെ പുറത്തുള്ളവർക്കു തൽസമയം കാണാനുമാകും. പിന്നെ ബസിലുള്ള മറ്റൊരു സൗകര്യം ശുചിമുറിയാണ്. തെലങ്കാന റജിസ്‌ട്രേഷനിലുള്ള ഈ ബസാണ് രാഹുലിന്റെ ഇനിയുള്ള സാരഥി.
കൂടാതെ, യാത്രയ്ക്കിടെ രാഹുലിന് താമസിക്കാനായി രണ്ട് മാസത്തേക്കു കണ്ടെയ്‌നറുകളാണ് റൂമായി ഒരുക്കയിരിക്കുന്നത്. കിടക്ക സജ്ജമാക്കിയ കണ്ടെയ്‌നറിലായിരിക്കും അദ്ദേഹം രാത്രി ഉറങ്ങുക. മണിപ്പൂരിലെ തൗബാലിലെ ഖാങ്‌ജോം യുദ്ധ സ്മാരകത്തിൽ പ്രണാമമർപ്പിച്ച ശേഷമായിരുന്നു കഴിഞ്ഞദിവസം രാഹുൽഗാന്ധി യാത്രയ്ക്കു തുടക്കമിട്ടത്. ഇന്ന് നാഗാലാൻഡിലാണ് പര്യടനം.