അയോധ്യ: രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ 22ന് നടക്കാനിരിക്കെ ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തുനിന്നുമായി സമ്മാനങ്ങൾ ഒഴുകുന്നു. രാമക്ഷേത്രത്തിലേക്കായി ഇതുവരെ 10 അടി ഉയരമുള്ള പൂട്ടും താക്കോലും, 2100 കിലോഗ്രാം ഭാരമുള്ള മണി, 108 അടി നീളമുള്ള ചന്ദനത്തിരി,1100 കിലോഗ്രാം ഭാരമുള്ള വിളക്ക്, സ്വർണ പാദരക്ഷകൾ തുടങ്ങിയവ വിവിധയിടങ്ങളിൽ നിന്നും എത്തിക്കഴിഞ്ഞു.
ഇതോടൊപ്പം സീതയുടെ ജന്മഭൂമിയെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജനക്പുരിൽനിന്ന് മൂവായിരത്തിലേറെ സമ്മാനങ്ങളാണ് ആയിരക്കണക്കിനാളുകൾ ഘോഷയാത്രയായി എത്തിച്ചത്. ഇതോടൊപ്പം ഐതിഹ്യത്തിൽ പറയുന്ന അശോകവനത്തിൽനിന്നുള്ള പാറക്കഷണവുമായി ശ്രീലങ്കൻ പ്രതിനിധിസംഘവുമെത്തിയിരിക്കുകയാണ്.
108 അടി നീളവുമുള്ള ചന്ദനത്തിരി ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് എത്തിയത്. ആറുമാസംകൊണ്ടാണ് 3610 കിലോഗ്രാം ഭാരവും മൂന്നരയടി വണ്ണവും ഉള്ള ഈ ചന്ദനത്തിരി നിർമിച്ചത്. ഒന്നരമാസത്തോളം ഇത് സദാ സുഗന്ധം പരത്തും. 10 അടി ഉയരവും 400 കിലോഗ്രാം ഭാരവുമുള്ള പൂട്ടും താക്കോലും ഉത്തർപ്രദേശിലെ അലിഗഢിലാണ് നിർമിച്ചത്.
ALSO READ- കുസാറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം
ഉത്തർപ്രദേശിലെ ഇറ്റായിലെ ജലേസറിൽ നിന്നാണ് ഭീമൻ മണിയെത്തിയത്. രണ്ടുവർഷമെടുത്ത് പണിത ഈ മണി ക്ഷേത്രത്തിലേക്ക് എത്തിക്കഴിഞ്ഞു. 1100 കിലോഗ്രാമിൽ സ്വർണം, വെള്ളി, ചെമ്പ്, സിങ്ക്, ഇരുമ്പ് എന്നിവകൊണ്ട് നിർമ്മിച്ച കൂറ്റൻ വിളക്ക് വഡോദരയിലെ കർഷകനാണ് നൽകിയത്.
ലഖ്‌നൗവിലെ പച്ചക്കറിവ്യാപാരി നൽകുന്ന എട്ടുരാജ്യങ്ങളിലെ സമയം ഒരുമിച്ച് കാണാവുന്ന ക്ലോക്ക്, നാഗ്പുരിലെ പാചകക്കാരൻ തയ്യാറാക്കുന്ന ഭക്തർക്കായുള്ള 7000 കിലോ ഹൽവ എന്നിവയും മറ്റ് സമ്മാനങ്ങളിൽ പെടുന്നു.