ബാബറി മസ്ജിദ് തകര്‍ത്ത ദിവസം ആരംഭിച്ച വ്രതം: മൂന്ന് പതിറ്റാണ്ടായി തുടരുന്ന മൗനവ്രതം അവസാനിപ്പിക്കാന്‍ 85 കാരി അയോധ്യയിലേക്ക്

ധന്‍ബാദ്: മൂന്ന് പതിറ്റാണ്ടിലധികമായി തുടരുന്ന മൗന വ്രതം അവസാനിപ്പിക്കാന്‍ ഒരുങ്ങി 85 കാരിയായ ധന്‍ബാദ് സ്വദേശിനി സരസ്വതി ദേവി. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങോടെ സരസ്വതി ദേവി തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട മൗനവ്രതം അവസാനിപ്പിക്കും. 1992 ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ത്ത ദിവസമാണ് സരസ്വതി ദേവി പ്രതിജ്ഞയെടുത്തത്. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതുവരെ മൗനവ്രതം ആചരിക്കുമെന്നായിരുന്നു പ്രതിജ്ഞ. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ മാത്രമേ മൗനം വ്രതം അവസാനിപ്പിക്കൂവെന്നും സരസ്വതി ദേവി പറഞ്ഞതായി കുടുംബം പറയുന്നു.

സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാന്‍ ട്രെയിനില്‍ അയോധ്യയിലേക്ക് പുറപ്പെടും. അയോധ്യയില്‍ ‘മൗനി മാതാ’ എന്നറിയപ്പെടുന്ന സരസ്വതി കുടുംബാംഗങ്ങളുമായി ആംഗ്യഭാഷയിലൂടെയാണ് ആശയ വിനിമയം നടത്തുന്നത്. മനസ്സിലാകാത്ത കാര്യങ്ങള്‍ എഴുതിയും നല്‍കും. 2020ല്‍ മൗനവ്രതത്തിന് ചെറിയ ഇളവ് നല്‍കി. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ സംസാരിച്ച് തുടങ്ങി. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസം മുതല്‍ വീണ്ടും പൂര്‍ണമായി മൗനവ്രതം ആരംഭിച്ചു.

തിങ്കളാഴ്ച രാത്രി ധന്‍ബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗംഗ-സത്ലജ് എക്സ്പ്രസില്‍ സരസ്വതി അയോധ്യയിലേക്ക് പുറപ്പെട്ടു. ജനുവരി 22ന് മൗനവ്രതം അവസാനിപ്പിക്കും. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. നാല് പെണ്‍മക്കള്‍ ഉള്‍പ്പെടെ എട്ട് മക്കളുടെ അമ്മയാണ് സരസ്വതി ദേവി.

1986-ല്‍ ഭര്‍ത്താവ് ദേവകിനന്ദന്‍ അഗര്‍വാളിന്റെ മരണശേഷം ജീവിതം ശ്രീരാമനുവേണ്ടി സമര്‍പ്പിച്ചു, കൂടുതല്‍ സമയവും തീര്‍ത്ഥാടനങ്ങള്‍ക്കായി ചെലവഴിക്കുകയാണ്. മകന്‍ നന്ദ് ലാല്‍ അഗര്‍വാളിനൊപ്പം ധന്‍ബാദിലെ ധയ്യയിലാണ് സരസ്വതി ദേവിയിപ്പോള്‍ താമസിക്കുന്നത്.

Exit mobile version