കൊല്‍ക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു. 55 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും.
പത്മഭൂഷണ്‍ ഉസ്താദ് നിസാര്‍ ഹുസൈന്‍ ഖാന്റെ ശിക്ഷണത്തിലാണ് റാഷിദ് ഖാന്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. 1977ല്‍ പതിനൊന്നാം വയസ്സില്‍ ആദ്യമായി സംഗീത പരിപാടി നടത്തി. ഹിന്ദുസ്ഥാനി സംഗീതത്തിലെ രാംപുര്‍ സഹസ്വാന്‍ ഖരാന ശൈലിയുടെ പ്രയോക്താവായിരുന്നു റാഷിദ് ഖാന്‍.
രാംപുര്‍ സഹസ്വാന്‍ ഖരാനയുടെ ഉപജ്ഞാതാവായ ഉസ്താദ് എനായത്ത് ഹുസൈന്‍ ഖാന്റെ കൊച്ചുമകനാണ്. ഇന്ത്യയിലെയും വിദേശങ്ങളിലെയും നിരവധി വേദികളില്‍ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുള്ള റാഷിദ് ഖാന്റെ സംഗീതക്കച്ചേരികള്‍ക്ക് കേരളത്തിലും ആസ്വാദകരേറെയാണ്.