ബംഗളൂരു: താരങ്ങളോടുള്ള ആരാധന അതിര് വിടുന്ന പല സംഭവങ്ങളും ദുരന്തത്തിലാണ് കലാശിക്കാറുള്ളത്. കഴിഞ്ഞ ദിവസവും കന്നഡ താരം യഷിന്റെ ജന്മദിനത്തില് കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ 3 ആരാധകരാണ് ഷോക്കേറ്റ് മരണപ്പെട്ടത്. ഗദഗില് താരത്തിന്റെ 25 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെയാണ് അപകടം. 3 പേര് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇപ്പോഴിതാ അപകടത്തില്‍ മരണപ്പെട്ട ആരാധകരുടെ വീട്ടിലെത്തിയിരിക്കുകയാണ് യഷ്. തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഇതുപോലുള്ള ദാരുണമായ സംഭവങ്ങള്‍ ഏറെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും യഷ് പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞ യുവാക്കളുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് താരം മടങ്ങിയത്. മാത്രമല്ല പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരാധകരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
‘നിങ്ങള്‍ എവിടെയായിരുന്നാലും, എന്നെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങള്‍ ഈ ജന്മദിനത്തില് എന്നെ ഏറെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ല. ദയവായി നിങ്ങളുടെ സ്നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകള്‍ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെല്‍ഫികള്‍ എടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
ജീവിതത്തില്‍ നിങ്ങള്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ എന്റെ ഒരു യഥാര്‍ഥ ആരാധകനാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കുക, സന്തോഷവും വിജയവും നേടുക. നിങ്ങളുടെ കുടുംബങ്ങള്‍ക്ക് അഭിമാനികരമാകുന്ന പ്രവൃത്തികള്‍ ചെയ്യണമെന്നും യഷ് പറഞ്ഞു.
അതേസമയം മരിച്ചവരുടെ കുടുംബത്തിന് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതുകൂടാതെ നടനും ഇവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി വൈകിയാണു സുരനഗരിയിലെ അംബേദ്കര്‍ നഗറില്‍ യുവാക്കള്‍ കട്ടൗട്ട് ഉയര്‍ത്തിയത്. ഇതിന്റെ സ്റ്റീല്‍ ഫ്രെയിം ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടം. അതേസമയം മരിച്ചവരുടെ കുടുംബത്തിന് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതുകൂടാതെ നടനും ഇവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
Discussion about this post