ന്യൂഡൽഹി: ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മാലിദ്വീപിലെ മന്ത്രിമാർ. ‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മാലിദ്വീപിലെ യുവജനകാര്യ സഹമന്ത്രി മറിയം ഷിവുന കുറിച്ചത്. എക്സിൽ മോഡിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ചായിരുന്നു മറിയത്തിന്റെ വിമർശനം.
മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദ് മാലദ്വീപിനെ ലക്ഷ്യം വച്ചുകൊണ്ടാണ് മോഡിയുടെ ലക്ഷദ്വീപ് സന്ദർശനം എന്നാണ് കുറിച്ചത്. എന്നാൽ ഇരുവരുടേയും പ്രസ്താവനയ്ക്ക് എതിരെ മാലിയുടെ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്തെത്തി.
മന്ത്രിമാർ വാക്കുകൾ സൂക്ഷിക്കണമെന്നു മുഹമ്മദ് നഷീദ് പറഞ്ഞു. ഭയപ്പെടുന്ന ഭാഷാപ്രയോഗമാണ് മാലദ്വീപ് മന്ത്രി മറിയം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ”മാലിദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായം നൽകുന്ന സഖ്യത്തിന്റെ നേതാവിനെതിരെ എന്തുതരം ഭയാനകമായ ഭാഷയാണു പ്രയോഗിക്കുന്നത്. സർക്കാർ ഇത്തരം അഭിപ്രായങ്ങളിൽനിന്ന് അകന്നുനിൽക്കുകയും അവ സർക്കാർ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നൽകുകയും വേണം”-എന്നാണ് നഷീദ് എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയത്.
മാലിയുടെ മുൻവിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദും മോഡിക്കെതിരായ മന്ത്രിമാരുടെ പ്രസ്താവന പിൻവലിക്കണമെന്നും കടുത്ത നടടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സംഭവം വിവാദമായതോടെ മറിയം എക്സ് പ്ലാറ്റ്ഫോമിൽ നിന്നും പരാമർശം നീക്കിയിട്ടുണ്ട്.
മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. പലരും പ്രതിഷേധത്തിന്റെ ഭാഗമായി മാലിയിലേക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ റദ്ദാക്കുകയും ഇത് ചിത്രം സഹിതം സോഷ്യൽമീഡിയയിലൂടെ പങ്കിടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലക്ഷദ്വീപ് സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയത്. സ്നോർകെല്ലിങ് നടത്തിയ പ്രധാനമന്ത്രി, ലക്ഷദ്വീപിന്റേതു മാസ്മരിക ഭംഗിയാണെന്നും സഞ്ചാരികൾ തങ്ങളുടെ പട്ടികയിൽ ലക്ഷദ്വീപിനെക്കൂടി ഉൾപ്പെടുത്തണമെന്നും എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
അതേസമയം, മോഡിയുടെ ഈ നീക്കം മാലിദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മന്ത്രിമാർ മോഡിക്കെതിരെ പ്രസ്താവന നടത്തിയത്. ഇന്ത്യക്കാരുടെ പ്രധാന ബഡ്ജറ്റ് ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മാലിദ്വീപ്.
Discussion about this post