ഇന്ത്യന്‍ നാവികസേനയ്ക്ക് നന്ദി: രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് എംവി ലൈല ചരക്കുകപ്പലിലെ ജീവനക്കാര്‍

ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് മോചിപ്പിച്ചതിന് ഇന്ത്യന്‍ നാവികസേനയ്ക്ക് നന്ദി പറഞ്ഞ് എംവി ലൈല നോര്‍ഫോക്ക് ചരക്കുകപ്പലിലെ ജീവനക്കാര്‍. കപ്പലിലെ ജീവനക്കാരുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.വി ലൈല ചരക്കുകപ്പലിനെ ഇന്നലെ രാത്രിയോടൊയാണ് നാവിക സേന മോചിപ്പിച്ചത്. നാവികസേന മറീന്‍ കമാന്‍ഡോകള്‍ കപ്പലില്‍ ഇറങ്ങും മുന്‍പ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയി. 15 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 21 ജീവനക്കാരും സുരക്ഷിതരാണെന്ന നാവികസേന അറിയിച്ചു. കപ്പല്‍ അറ്റകുറ്റപ്പണി നടത്തി യാത്ര തുടരും.

വ്യാഴാഴ്ച വൈകിട്ട് വടക്കന്‍ അറബിക്കടലില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയെടുക്കാന്‍ ശ്രമിച്ച ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലിനെ ഇന്ത്യന്‍ നാവിക സേന നാടകീയമായാണ് മോചിപ്പിച്ചത്. നാവിക സേനയുടെ കാമാന്‍ഡോകള്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകിട്ട് മൂന്നേ കാലോടെ കപ്പില്‍ ഇറങ്ങി. മുകള്‍തട്ട് സുരക്ഷിതമാക്കി കപ്പലിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങി കമാന്‍ഡോകള്‍ പരിശോധന നടത്തിയെങ്കിലും കടല്‍കൊള്ളക്കാരെ കണ്ടെത്താനായില്ല. കടല്‍ക്കൊള്ളക്കാര്‍ കൊള്ളയടിക്കുമ്പോള്‍ രക്ഷപെടാനുള്ള കപ്പലിനുള്ളിലെ സുരക്ഷിത അറയില്‍ ഒളിച്ചിരുന്ന ജീവനക്കാരെ നാവിക സേന സുരക്ഷിതരാക്കി.

കപ്പലിലേക്ക് ഇറങ്ങും മുന്‍പേ ജീവനക്കാരുമായി നാവികസേന കാമാന്‍ഡോകള്‍ സംസാരിച്ചിരുന്നു. ചരക്കുകപ്പലില്‍ ആയുധധാരികളായ അഞ്ചോ ആറോ കടല്‍ക്കൊള്ളക്കാര്‍ കടന്നുകയറിയതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്റെ കമാന്‍ഡ് സെന്ററിലാണ് ആദ്യ വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാവിക സേന , പടക്കപ്പല്‍ ഐഎന്‍എസ് ചെന്നൈയെ മോചനദൗത്യവുമായി അയച്ചു. ദീര്‍ഘദൂര നിരീക്ഷണ വിമാനമായ പി 81ല്‍ നിന്ന് എംവി ലൈലയുമായി രാവിലെയോടെ ബന്ധം സ്ഥാപിച്ചു.

കപ്പല്‍ വിട്ടുപോകാന്‍ കടല്‍കൊള്ളക്കാര്‍ക്ക് നാവിക സേന മുന്നറയിപ്പ് നല്‍കി. നാവികസേനയുടെ താക്കീതിന് പിന്നാലെ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചാനുള്ള ശ്രമം ഉപേക്ഷിച്ചിരിക്കാം എന്നാണ് നാവികസേന കരുന്നത്. ബ്രസീലിയന്‍ തുറമുഖത്തുനിന്ന് ബഹ്‌റൈനിലേക്ക് പോവുകയായിരുന്ന കപ്പല്‍, സൊമാലിയയുടെ കിഴക്കന്‍ തീരത്തുനിന്ന് 300 നോട്ടിക്കല്‍ മൈല്‍ ദൂരെവച്ചാണ് റാഞ്ചാന്‍ ശ്രമിച്ചത് , ചരക്ക് കപ്പല്‍ തട്ടിയെടുത്ത ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യന്‍ നാവികസേന കപ്പലിന്റെ തുടര്‍ യാത്രയ്ക്കും സഹായവുമായുണ്ട്

Exit mobile version