ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത എം.വി ലൈല ചരക്കുകപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേനാ അറിയിച്ചു. കപ്പലിനുള്ളിലെ സുരക്ഷിത അറയിലാണ് ജീവനക്കാരുള്ളത്.
‘മാര്‍ക്കോസ്’ എന്ന ഉന്നത കമാന്‍ഡോ സംഘത്തിന്റെ നേതൃത്വത്തിലാണ് ജീവനക്കാരെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തന സമയത്ത് കപ്പലില്‍ കൊള്ളക്കാര്‍ ഉണ്ടായിരുന്നില്ലെന്നും കമാന്‍ഡോകള്‍ വ്യക്തമാക്കി. കടല്‍ക്കൊള്ളക്കാര്‍ കപ്പലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ചരക്ക് കപ്പല്‍ ഉടന്‍ ബഹ്‌റൈന്‍ തീരത്തേക്ക് യാത്ര തിരിക്കും. വ്യാഴാഴ്ച വൈകിട്ട് വടക്കന്‍ അറബിക്കടലില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയെടുക്കാന്‍ ശ്രമിച്ച ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലിനെ ഇന്ത്യന്‍ നാവിക സേന നാടകീയമായാണ് മോചിപ്പിച്ചത്. നാവിക സേനയുടെ കാമാന്‍ഡോകള്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകിട്ട് മൂന്നേ കാലോടെ കപ്പില്‍ ഇറങ്ങി. മുകള്‍തട്ട് സുരക്ഷിതമാക്കി കപ്പലിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങി കമാന്‍ഡോകള്‍ പരിശോധന നടത്തിയെങ്കിലും കടല്‍കൊള്ളക്കാരെ കണ്ടെത്തായില്ല.
കടല്‍ക്കൊള്ളക്കാര്‍ കൊള്ളയടിക്കുമ്പോള്‍ രക്ഷപ്പെടാനുള്ള കപ്പലിനുള്ളിലെ സുരക്ഷിത അറയില്‍ ഒളിച്ചിരുന്ന ജീവനക്കാരെ നാവിക സേന സുരക്ഷിതരാക്കി. കപ്പലിലേക്ക് ഇറങ്ങും മുന്‍പേ ജീവനക്കാരുമായി നാവികസേന കാമാന്‍ഡോകള്‍ സംസാരിച്ചിരുന്നു.