ചെന്നൈ: തന്റെ കമ്പനിയുടെ വളർച്ചയ്ക്ക് വേണ്ടി അഞ്ചുവർഷത്തിലധികം തങ്ങൾക്കൊപ്പം ചേർന്ന് ജോലി ചെയ്ത ജീവനക്കാർക്ക് ഇഷ്ടപ്പെട്ട കാറുകൾ സമ്മാനിച്ച് ഒരു ഐടി കമ്പനി. ചെന്നൈയിലെ ‘ഐഡിയാസ് 2 ഇറ്റ്’ എന്ന കമ്പനിയാണ് തങ്ങളുടെ പ്രിയപ്പെട്ട 50 ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചത്. കമ്പനിസ്ഥാപകരായ മുരളി വിവേകാനന്ദനും ഭവാനി രാമനും ചേർന്നാണ് 50 ജീവനക്കാർക്ക് കാറിന്റെ താക്കോൽ കൈമാറിയത്.
കനമ്പനിയുടെ തുടക്ക കാലം തൊട്ട് വിജയത്തിനായി കൂടെ ചേർന്ന ജീവനക്കാരോട് ഇഷ്ടമുള്ള കാറുകൾ തിരഞ്ഞെടുക്കാൻ കമ്പനി മേധാവികൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജീവനക്കാർ അവർക്കിഷ്ടപ്പെട്ട കാറുകളെ കുറിച്ച് പറഞ്ഞതോടെ അതേകാറുകൾ തന്നെ കമ്പനി സമ്മാനമായി നൽകി. കഴിഞ്ഞവർഷം 100 ജീവനക്കാർക്ക് ഇത്തരത്തിൽ സമ്മാനമായി കാറുകൾ സമ്മാനിച്ചിരുന്നു. അന്ന് മാരുതി സുസുക്കി കാറുകളായിരുന്നു സമ്മാനമായി നൽകിയത്.
ഇതോടൊപ്പം കമ്പനിയുടെ 33 ശതമാനം ഓഹരികൾ 38 ജീവനക്കാർക്ക് അനുവദിക്കുകയും അവരെ കമ്പനിയുടെ ഓഹരിയുടമകളാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. സിഇഒ ഗായത്രി വിവേകാനന്ദൻ, ഐടി ഡയറക്ടർ അരുൺ ഗണേശൻ തുടങ്ങിയവരും കാർ സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
തങ്ങളുടെ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കുപിന്നിൽ ജീവനക്കാരുടെ അർപ്പണബോധവും കഠിനാധ്വാനവുമാണെന്നും അതിന്റെ സന്തോഷമായാണ് കാർ സമ്മാനിക്കുന്നതെന്നും കമ്പനിമേധാവികൾ പ്രതികരിച്ചു.
Discussion about this post