മുംബൈ: 14 വർഷം വനവാസത്തിലായിരുന്ന ഭഗവാൻ ശ്രീരാമൻ സസ്യാഹാരിയാകില്ലെന്നും അദ്ദേഹം മാംസാഹാരം കഴിച്ചിരുന്നു എന്നും പരാമർശം നടത്തിയ മഹാരാഷ്ട്ര എൻസിപി നേതാവ് വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയിൽ മാംസാഹാരവും മദ്യവും നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് എൻസിപി നേതാവ് പ്രസ്താവന നടത്തിയത്.
എൻസിപി ശരദ് പവാർ വിഭാഗം നേതാവായ ജിതേന്ദ്ര ഔഹാദാണ് ഈ പരാമർശം നടത്തിയിരിക്കുന്നത്. ആരും ചരിത്രം വായിക്കാറില്ല. രാഷ്ട്രീയത്തിൽ എല്ലാം മറക്കുകയും ചെയ്യും. രാമൻ നമ്മുടെ സ്വന്തമാണ്. അദ്ദേഹം ബഹുജൻ ആണ്. ഭക്ഷിക്കാൻ വേട്ടയാടുന്ന രാമൻ ഒരിക്കലും സസ്യഭുക്കായിരുന്നില്ല, അദ്ദേഹം മാംസാഹാരിയായിരുന്നു. 14 വർഷം കാട്ടിൽ ജീവിച്ച ഒരാൾക്ക് എങ്ങനെ സസ്യാഹാരിയായി തുടരാൻ കഴിയുമെന്നാണ് ജിതേന്ദ്ര ഔഹാദ് ചോദിച്ചത്.
അദ്ദേഹത്തിന്റെ പരാമർശം വിവാദമായതോടെ പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ബാലാസാഹേബ് താക്കറെ ജീവിച്ചിരുന്നെങ്കിൽ ശിവസേനയുടെ മുഖപത്രം സാമ്ന ‘രാമൻ മാംസാഹാരി’ ആയിരുന്നെന്ന പരാമർശത്തെ വിമർശിക്കുമായിരുന്നെന്നാണ് ബിജെപി എംഎൽഎ റാം കദം പറഞ്ഞത്.
ഇന്ന് ആരെങ്കിലും ഹിന്ദുക്കളെ കളിയാക്കുന്നത് ഉദ്ധവ് താക്കറെയുടെ ശിവസേന കാര്യമാക്കുന്നില്ല. അവർ നിസ്സംഗരാണ്, മഞ്ഞുപോലെ തണുത്തവരാണ്. എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോൾ അവർ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് റാം കദം ട്വീറ്റ് ചെയ്തത്.
ജനുവരി 22 ഡ്രൈഡേയായും വെജ് ഡേയായയും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റാം കദം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് കത്തയച്ചിരുന്നു. അതേസമയം, തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും എന്നാൽ ആർക്കെങ്കിലും വിഷമുണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും ജിതേന്ദ്ര പ്രതികരിച്ചു.
ഭഗവാൻ ശ്രീരാമൻ എന്താണ് കഴിച്ചത് എന്നു സംബന്ധിച്ച് എന്തിനാണ് വിവാദമെന്നും രാമൻ ക്ഷത്രിയനായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ക്ഷത്രിയർ മാംസാഹാരികളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയുടെ 80% മാംസാഹാരികളാണ്, അവരും ശ്രീരാമന്റെ ഭക്തരാണെന്നും ജിതേന്ദ്ര ഔഹാദ് വിശദീകരിച്ചു. നേരത്തെ ശ്രീരാമൻ ബഹുജൻ ആണെന്നായിരുന്നു ജിതേന്ദ്ര പറഞ്ഞത്.
Discussion about this post