ചെന്നൈ: ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ രൂപസാദ്യശ്യമുള്ള സുഹൃത്തിനെ കൊലപ്പെടുത്തി താനാണ് മരിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച യുവാവ് ഒടുവിൽ പിടിയിൽ. തമിഴ്‌നാടിനെ തന്നെ ഞെട്ടിച്ച സുകുമാരകുറുപ്പ് മോഡൽ കൊലപാതകമാണ് പോലീസ് തെളിയിച്ചത്. ചെന്നൈ സ്വദേശിയും ജിം ട്രെയ്‌നറുമായ സുരേഷ് ഹരികൃഷ്ണനാ(38)ണ് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
സുരേഷ് ഹരികൃഷ്ണൻ സുഹൃത്തായ ദില്ലിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിച്ചുകളയാകുകയിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീർത്തി രാജൻ (23), ഹരികൃഷ്ണൻ (32) എന്നിവരും പിടിയിലായി.
സുരേഷ് തന്റെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. ഈ തുക തന്റെ മരണം കെട്ടിച്ചമയ്ക്കുന്നതിലൂടെ ബന്ധുക്കൾക്ക് ലഭിക്കാനും അതിലൂടെ തന്റെ കൈയ്യിൽ തന്നെ വന്നു ചേരാനുമാണ് ഇയാൾ പദ്ധതി ആസൂത്രണം ചെയ്തത്. തുടർന്ന് സുഹൃത്തുക്കളോടൊപ്പം തന്റെ സമാന ശാരീരിക സാമ്യവും പ്രായവുമുള്ള ഒരാളെ തിരയുകയായിരുന്നു.
ഇതിനിടെയാണ് മുൻപ് സുഹൃത്തായിരുന്ന അയനാവരം സ്വദേശിയും എറണാവൂർ സുനാമി സെറ്റിൽമെന്റിൽ താമസിക്കുന്നയാളുമായ ദില്ലി ബാബുവിനെ ഓർമ്മ വന്നത്. ഇയാളെ തിരഞ്ഞെത്തിയ സുരേഷ് ദില്ലിബാബുവിനോടും അമ്മയോടും സൗഹൃദം പുതുക്കി.
പിന്നീട് ഇവരുടെ വീട്ടിൽ സ്ഥിരം സന്ദർശകനായെത്തി അടുത്ത സുഹൃത്തായി നടിച്ചു. യി. സെപ്തംബർ 13ന് സുരേഷും സുഹൃത്തുക്കളും ചേർന്ന് ദില്ലിബാബുവിനെ മദ്യപിക്കാനെന്ന് പറഞ്ഞ് പുതുച്ചേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സെപ്തംബർ 15ന് രാത്രി ചെങ്കൽപ്പേട്ടിന് സമീപത്തെ ഒരു വിജനമായ സ്ഥലത്ത് ദില്ലിബാബുവിനെ എത്തിച്ച സംഘം, ഇവിടെ വെച്ച് ഇവർ മുൻപ് പദ്ധതിയിട്ട പ്രകാരം ചെറിയ ഷെഡ്ഡിലേക്ക് കൊണ്ടുപോയി മദ്യം നൽകി മയക്കുകയായിരുന്നു. തുടർന്ന് അവശനായ ദില്ലി ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശേഷം ഷെഡിന് തീകൊളുത്തി ഇവർ കടന്നു കളയുകയായിരുന്നു.
ALSO READ- രാകുൽ പ്രീത് സിങ് വിവാഹിതയാകുന്നു; വരൻ ബോളിവുഡ് നടൻ ജാക്കി ഭഗ്‌നാനി
പിന്നീട് സെപ്തംബർ 16നാണ് ചെങ്കൽപ്പേട്ടിലെ പറമ്പിലെ തീപിടിച്ച ഷെഡ്ഡിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെത്തിയത്. തുടർന്ന് മരിച്ചത് സുരേഷാണെന്ന് പറഞ്ഞ് സഹോദരി മരിയജയശ്രീ പോലീസിനെ സമീപിച്ചു. തുടർന്ന് ഇത് സുരേഷാണെന്ന് തിരിച്ചറിഞ്ഞെന്നും സഹോദരി മൃതദേഹം ഏറ്റുവാങ്ങി ശവസംസ്‌കാരവും നടത്തി.
ഇതിനിടെ ദില്ലി ബാബു വീട്ടിലേക്ക് തിരിച്ചെത്താതായതോടെ അമ്മ ലീലാവതി എന്നൂർ പോലീസ് സ്റ്റേഷനിൽ തിരോധാന പരാതി നൽകിയിരുന്നു. നടപടിയുണ്ടാവാതിരുന്നതോടെ അവർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ ദില്ലി ബാബുവിന്റെ ഫോൺ സിഗ്നൽ കത്തിനശിച്ച ഷെഡ്ഡിന് സമീപം സജീവമായിരുന്നെന്നും കണ്ടെത്തി. ഇതോടെ മരിച്ചെന്ന് കരുതിയ സുരേഷിന്റെ ചിലസുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്തതോടെ സുരേഷ് ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാവുകയായിരുന്നു.
ഇതോടെ കൊല്ലപ്പെട്ടത് ദില്ലി ബാബുവാണെന്നും മനസിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാരക്കോണത്ത് ഒളിവിൽ കഴിയുകയായിരുന്ന സുരേഷിനെയും സുഹൃത്തുക്കളായ കീർത്തി രാജനേയും ഹരികൃഷ്ണനെയും കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
ഇൻഷുറൻസ് തുകയായ ഒരു കോടിയിൽ 20 ലക്ഷം വീതം കീർത്തിരാജനും ഹരികൃഷ്ണനും നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും സുരേഷ് വെളിപ്പെടുത്തി. മധുരാന്തകം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Discussion about this post