ലക്‌നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തീരുമാനിച്ചു. മൈസൂരു സ്വദേശിയായ വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്‍പമാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. അഞ്ചു വയസ് പ്രായമുള്ള, ഉപനയനത്തിന് തൊട്ടുമുന്‍പുള്ള ബാലരൂപത്തിലെ ശ്രീരാമന്റെ വിഗ്രഹം. 51 ഇഞ്ച് ഉയരം. ഒരുപോലെ ചേര്‍ത്തുവച്ച കാലുകള്‍, നീണ്ട കൈകള്‍, വിടര്‍ന്ന കണ്ണുകള്‍ തുടങ്ങി മഹര്‍ഷി വാല്‍മീകി ശ്രീരാമനെക്കുറിച്ച് നല്‍കിയ വിവരണങ്ങളാണ് ട്രസ്റ്റ് അടിസ്ഥാനമാക്കിയത്.
അന്തിമഘട്ടത്തില്‍ ഗണേഷ് ഭട്ട്, അരുണ്‍ യോഗിരാജ്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശില്‍പങ്ങളാണ് പരിഗണിച്ചത്. അരുണ്‍ കൃഷ്ണശിലയില്‍ ഒരുക്കിയ വിഗ്രഹം പ്രാണ പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്തതായി കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാച്ചടങ്ങ്. താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോഴുള്ള രാംലല്ലയെയും പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുമെന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ചെയര്‍മാന്‍ നൃപേന്ദ്രമിശ്ര പറഞ്ഞു.
താത്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിച്ചുവരുന്ന ശ്രീരാമ വിഗ്രഹം പുതിയ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിക്കും. അതിന് പിറകിലായിട്ടായിരിക്കും പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുക. ഭക്തര്‍ക്ക് ദര്‍ശനത്തിന് കൂടുതല്‍ സൗകര്യപ്രദമാകുന്നതിന് വേണ്ടിയാണ് വലിയ വിഗ്രഹം കൂടി പ്രതിഷ്ഠിക്കുന്നത്.
ശില്‍പികളുടെ കുടുംബത്തിലെ അഞ്ചാംതലമുറയില്‍പ്പെട്ടയാളാണ് അരുണ്‍. മുത്തച്ഛന്‍ ബസവണ്ണ മൈസുരു രാജാവിന്റെ സദസിലെ മുഖ്യശില്‍പിയായിരുന്നു. അരുണ്‍ എംബിഎ ബിരുദധാരിയാണ്. കേദാര്‍നാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിന്റെയും ശില്‍പങ്ങള്‍ തയ്യാറാക്കിയത് അരുണ്‍ യോഗിരാജാണ്.