തൊടുപുഴ: വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകരുടെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു. സഹോദരങ്ങളായ ജോര്‍ജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മരച്ചീനി തൊണ്ട് കഴിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തല്‍.
ഇന്നലെ രാത്രിയോടെയാണ് തൊഴുത്തില്‍ കെട്ടിയിരുന്ന പശുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. 17 കാരനായ ജോര്‍ജും, സഹോദരന്‍ മാത്യുവും ചേര്‍ന്നായിരുന്നു പശുക്കളുടെ പരിപാലനം. 2022 ല്‍ മികച്ച കുട്ടി ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരം മാത്യുവിന് ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
പശുകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ നിന്നാണ് മരച്ചീനി തൊണ്ട് ഉള്ളില്‍ ചെന്നാണ് പശുക്കള്‍ ചത്തതെന്ന് കണ്ടെത്തിയത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കുട്ടി കര്‍ഷകര്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.