മുംബൈ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയാക്കി മാറ്റരുതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ക്ഷേത്ര നിർമാണത്തിന്റെ എല്ലാ അവകാശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാത്രമായി നൽകുന്നതിനെതിരെ അദ്ദേഹം പ്രതികരിക്കവെയാണ് വിമർശനം ഉന്നയിച്ചത്.
രാമക്ഷേത്ര നിർമാണത്തിൽ പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതു ശരിയല്ല. പരിപാടി സർക്കാർ സംഘടിപ്പിക്കുന്ന സ്ഥിതിക്ക് രാഷ്ട്രപതി ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലത്. രാമ ക്ഷേത്ര തനിക്ക് ക്ഷണം ലഭിച്ചോ ഇല്ലയോ എന്നത് പ്രശ്‌നമല്ലെന്നും താക്കറെ പറഞ്ഞു.
അതേസമയം, ക്ഷേത്രനിർമ്മാണത്തിനായി രഥയാത്ര തുടങ്ങിയ എൽകെ അഡ്വാനിക്കും മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിക്കും ഉദ്ഘാടന ചടങ്ങിൽ ക്ഷണംപോലും ലഭിച്ചിട്ടില്ലെന്നും താക്കറെ കുറ്റപ്പെടുത്തി.
രാമൻ ഏതെങ്കിലും വ്യക്തിയുടെയോ പാർട്ടിയുടെയോ സ്വത്തല്ല. രാമന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
തനിക്ക് എപ്പോൾ വേണമെങ്കിലും അയോധ്യയിലേക്ക് പോകാം. മുൻപ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്തും പോയിരുന്നെന്നും താക്കറെ വിശദീകരിച്ചു.
തുടർന്നാണ് തനിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അയോധ്യയിൽ പോവാൻ ആരുടേയും ക്ഷണം ആവശ്യമില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
Discussion about this post