ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഒരു കുടുംബത്തിലെ 5 പേരുടെ ശരീരാവശിഷ്ടങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ചല്ലകരെ റെയില്‍വേ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് റിട്ടയേര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെയും ഭാര്യയുടെയും മൂന്നു മക്കളുടെയും വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയല്‍വാസികള്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
2019 മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും വീട്ടിലുള്ളവര്‍ പുറത്തുള്ളവരുമായി അധികം സംസാരിക്കാറില്ലെന്നും അയല്‍വാസികള്‍ പറയുന്നു. നാല് അസ്ഥികൂടങ്ങള്‍ കണ്ടത് ഒരു മുറിയിലാണ്. മറ്റൊന്ന് കണ്ടെത്തിയത് തൊട്ടടുത്ത മുറിയിലുമാണ്. വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കും ഡിഎന്‍എ പരിശോധനയ്ക്കും ശേഷമേ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകൂ എന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ഉള്ള മുറിയില്‍ കന്നഡയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൂന്നരക്കൊല്ലമായിട്ടും ഇവര്‍ മരിച്ചത് പുറത്തറിഞ്ഞില്ല എന്ന അയല്‍വാസികളുടെ വാദം പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ അയല്‍വാസി ഇവരുടെ വീടിനു മുന്നിലെത്തി. മുറ്റത്തു തലയോട്ടി കിടക്കുന്നതു കണ്ട് ഇയാള്‍ നിലവിളിച്ചോടിയതോടെയാണ് കൂട്ടമരണത്തിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. പോലീസെത്തി വീട്ടിനകത്തു പരിശോധിച്ചപ്പോഴാണ് ജഗനാഥ റെഡ്ഡി, ഭാര്യ പ്രേമ,മകള്‍ ത്രിവേണി,ആണ്മക്കളായ കൃഷ്ണ, നരേന്ദ്ര എന്നിവരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.
വീടിന്റെ പിറകു വശത്തെ വാതില്‍ തകര്‍ന്ന നിലയിലാണ്. ഇതിലൂടെ നായകള്‍ അകത്തു കടന്നു മൃതദേഹങ്ങള്‍ കടിച്ചുവലിച്ചു പുറത്തിട്ടെന്നാണു നിഗമനം. അതേ സമയം വീടിനകത്തു മോഷണം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉള്ളതും ഇത്രയും കാലം വീട്ടിലുള്ളവരെ പുറത്തുകാണാതിരുന്നിട്ടും പോലീസിനെ വിവരമറിയിക്കാതിരുന്ന അയല്‍വാസികളുടെ നടപടികളും സംശയമുയര്‍ത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ അഴുകി ശരീരാവശിഷ്ടങ്ങള്‍ മാത്രമായ ശേഷം വീട്ടില്‍ കൊണ്ടിട്ടതാണോ എന്നും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.
Discussion about this post