‘അമ്മ-മകന്‍ ബന്ധമാണ്, സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ട്’: വിദ്യാര്‍ഥിയ്‌ക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തി വിവാദത്തിലായ അധ്യാപിക

ബംഗളൂരു: സ്‌കൂള്‍ പഠനയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തിയതില്‍ വിശദീകരണവുമായി സസ്‌പെന്‍ഷനിലായ അധ്യാപിക. ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയാണ് പുഷ്പലതയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.

അമ്മ-മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ച് പ്രധാന അധ്യാപികയായ പുഷ്പലത പറയുന്നത്. ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ടെന്നും പുഷ്പലത പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ ആയിരുന്നു പുഷ്പലത ഇക്കാര്യം പറഞ്ഞത്.

ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് പുഷ്പലതയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ 22 മുതല്‍ 25 വരെയാണ് സ്‌കൂളില്‍ നിന്ന് പഠനയാത്ര നടത്തിയത്. ചിക്കബല്ലാപ്പൂരിലേക്ക് നടത്തിയ ഒരു പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.

വിദ്യാര്‍ഥിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ ഫോട്ടോകളാണ് പ്രചരിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് രഹസ്യമായി ചിത്രങ്ങള്‍ എടുപ്പിക്കുകയായിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തിയത്. ചിത്രങ്ങള്‍ വൈറലായതോടെ വിദ്യാര്‍ഥിയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. ഫോട്ടോകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇവര്‍ പരാതി നല്‍കി.


ഇതേ തുടര്‍ന്ന് ബിഇഒ വി ഉമാദേവി സ്‌കൂളിലെത്തി അന്വേഷണം നടത്തിയതിനെ പിന്നാലെയാണ് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിയോട് അധ്യാപിക മോശമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Exit mobile version