മോഡി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാൾ; അയോധ്യ ക്ഷേത്രത്തിൽ മോഡി പ്രതിഷ്ഠാ പൂജ നടത്തുന്നത് ഭക്തർ എങ്ങനെ അനുവദിക്കും; ചോദ്യം ചെയ്ത് ബിജെപി നേതാവ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുങ്ങുന്നതിനിടെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമി. ക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെയാണ് സ്വാമിയുടെ വിമർശനം.

ശ്രീരാമൻ തന്റെ ഭാര്യയെ സംരക്ഷിക്കാൻ യുദ്ധം ചെയ്തയാളാണ്, എന്നാൽ മോഡി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളാണ് എന്നുമായിരുന്നു സുബ്രഹ്‌മണ്യ സ്വാമിയുടെ പരാമർശം. രാമക്ഷേത്രത്തിൽ മോഡി പ്രാൺ പ്രതിഷ്ഠാ പൂജ നടത്തുന്നത് രാമഭക്തൻമാർക്ക് എങ്ങനെ അനുവദിക്കാനാവുമെന്നും അദ്ദേഹം ചോദ്യം ചെയ്തു.


എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ സുബ്രഹ്‌മണ്യ സ്വാമി പറഞ്ഞതിങ്ങനെ: ”അയോധ്യയിലെ രാമക്ഷേത്രത്തിൽ മോദി പ്രാൺ പ്രതിഷ്ഠാ പൂജ നടത്തുന്നത് രാമഭക്തൻമാർക്ക് എങ്ങനെ അനുവദിക്കാനാവും ശ്രീരാമൻ ജീവിതത്തിന്റെ ഒന്നരപ്പതിറ്റാണ്ട് ചെലവഴിച്ചതും യുദ്ധം ചെയ്തതും തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ്. എന്നാൽ മോഡി ഭാര്യയെ ഉപേക്ഷച്ചതിന്റെ പേരിൽ പ്രശസ്തനായ ആളാണ്. പിന്നെ എങ്ങനെ അദ്ദേഹത്തിന് പൂജ ചെയ്യാനാകും”-എന്നാണ് സുബ്രഹ്‌മണ്യൻ സ്വാമി ചോദിച്ചത്.

അയോധ്യിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 22നായിരിക്കും നടക്കുക. പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉൾപ്പെടെ നിരവധി പേരെയാണ് കേന്ദ്ര സർക്കാർ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version