ശ്രീനഗർ: ഭീകരരുടെ വെടിയേറ്റ് എട്ടുവർഷമായി മരണവുമായി പോരാട്ടം നടത്തിയ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങി. ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നടന്ന സൈനിക ഓപറേഷനിടെയാണ് കരൺബീർ സിങിന് മുഖത്ത് വെടിയേറ്റത്.
കുപ്‌വാരയിലെ ഹാജി നാകാ ഗ്രാമത്തിൽ 2015 നവംബർ 22 നാണ് സൈന്യം ഭീകരർക്കെതിരെ ഓപറേഷൻ തുടങ്ങിയത്. ഈ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇത്. ഭീകരരുടെ തിരിച്ചടിയിലാണ് സിങ്ങിന് വെടിയേറ്റത്. തുടർന്ന് 2015 മുതൽ കോമയിൽ കഴിയുകയായിരുന്നു.
160 ഇൻഫാൻട്രി ബറ്റാലിയൻ ടിഎയിലെ സെക്കൻഡ് ഇൻ കമാൻഡ് ആയിരുന്നു സിങ്. മൂന്ന് സൈനികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ സിങ്ങിനെ ആദ്യം ശ്രീനഗറിലേക്കും പിന്നീട് ഡൽഹിയിലെ സൈന്യത്തിന്റെ റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
സൈന്യത്തിൽ തന്നെ സീനിയറായിരുന്നു അദ്ദേഹം. 20 വർഷത്തോളം സൈനികനായി പ്രവർത്തിച്ച പരിചയമുണ്ട് കരൺബീർ സിങ്ങിന്. 1997ലാണ് സൈന്യത്തിന്റെ ഭാഗമായത്. 10 വർഷത്തെ സേവനത്തിന് ശേഷമാണ് അതിർത്തിരക്ഷാസേനയുടെ ഭാഗമായത്.
Discussion about this post