ന്യൂഡല്‍ഹി: ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുള്ളവര്‍ ബന്ധം പിരിയുന്നത് സാധാരണമാണ്. എന്നാല്‍ അതിനെല്ലാം വ്യക്തമായ കാരണങ്ങളുണ്ടാകും. എന്നാല്‍ വ്യത്യസ്തമായ പരാതികള്‍ പറഞ്ഞ് വിവാഹമോചനം തേടിയിരിക്കുന്ന ദമ്പതികളാണ് വൈറലാകുന്നത്. ഭാര്യ വ്രതമെടുത്തില്ലെന്ന പേരില്‍ വിവാഹമോചനം തേടിയിരിക്കുകയാണ് ഭര്‍ത്താവ്.
ഡല്‍ഹിയിലാണ് സംഭവം. കര്‍വാ ചൗത്ത് വ്രതം ഭാര്യ അനുഷ്ഠിക്കാന്‍ തയാറായില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഭാര്യ കര്‍വാ ചൗത്ത് വ്രതമെടുത്തില്ലെന്നും അവള്‍ക്ക് ഭര്‍ത്താവിനോടും ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നും ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ കര്‍വാ ചൗത്ത് വ്രതമെടുക്കാതിരിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. വ്രതമെടുക്കുന്നതും എടുക്കാതിരിക്കുന്നതും ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കാതിരിക്കുകയോ വ്യത്യസ്ത മതവിശ്വാസം പുലര്‍ത്തുകയോ ചെയ്യുന്നത് ക്രൂരതയായി കണക്കാക്കില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, ഭാര്യയ്ക്ക് ഭര്‍ത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനവും താല്‍പര്യവുമില്ലെന്ന ഭര്‍ത്താവിന്റെ ആരോപണം പരിഗണിച്ച കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു.
2009ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. എന്നാല്‍ വിവാഹത്തിന്റെ തുടക്കം മുതല്‍ ഭാര്യയ്ക്ക് വിവാഹബന്ധത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്നുമാണ് ഭര്‍ത്താവിന്റെ ആരോപണം. ഫോണ്‍ റീ ചാര്‍ജ് ചെയ്ത് കൊടുക്കാതിരുന്നതോടെയാണ് ഭാര്യ വ്രതമെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും ഭര്‍ത്താവ് പറയുന്നു.
ഇതിന് പുറമെ ഏപ്രിലില്‍ തനിക്ക് കടുത്ത നടുവേദന വരികയും ഡിസ്‌ക് സ്ഥാനം തെറ്റുകയും ചെയ്തപ്പോള്‍ ഭാര്യ തന്നെ പരിചരിച്ചില്ലെന്നും പകരം, നെറ്റിയില്‍ നിന്ന് സിന്ദൂരം തുടച്ചുമാറ്റുകയും വെള്ള സാരി ധരിച്ച് താന്‍ വിധവയായെന്ന് പ്രഖ്യാപിക്കുകയും ചെയ്തെന്നും ഭര്‍ത്താവ് ആരോപിച്ചു. ഭര്‍ത്താവിന്റെ ഈ പരാതികള്‍ കൂടി പരിഗണിച്ച ശേഷമായിരുന്നു കോടതി വിവാഹമോചനം അനുവദിച്ചത്.