ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയായ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണൽ ശരൺ സിങ്ങിന്റെ കൂട്ടാളിയെ തിരഞ്ഞെടുത്ത തീരുമാനം സസ്‌പെൻഡ് ചെയ്ത് കേന്ദ്രം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി പിരിച്ചുവിട്ടതായി കേന്ദ്രസർക്കാർ ഉത്തരവിറക്കി.
പുതിയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി ദേശീയമത്സരങ്ങൾ തിടുക്കത്തിൽ പ്രഖ്യാപിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഫെഡറേഷൻ ഭരണഘടനയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായായിരുന്നു തീരുമാനങ്ങളെന്നും കായിക മന്ത്രാലയം നിരീക്ഷിച്ചു.
നിലവിലെ നേതൃത്വം പഴയ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. ഇത് സ്പോർട്സ് കോഡിന്റെ ലംഘനമാണെന്നും സ്പോർട്സ് മന്ത്രാലയം പിരിച്ചുവിടാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചു.
മുൻ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ നിന്നാണ് ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. താരങ്ങൾ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിക്കുന്ന ഇടങ്ങളാണ് ഇതെന്നും ഇക്കാര്യം നിലവിൽ കോടതി പരിഗണനയിലാണെന്നും കായിക മന്ത്രാലയം പരാമർശിച്ചു.
ALSO READ- മന്ത്രിസഭാ പുനഃസംഘടന: മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു
അതേസമയം, ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതിൽ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്രംഗ് പൂനിയ തനിക്ക് ലഭിച്ച പദ്മശ്രീ തിരിച്ചുനൽകിയിരുന്നു. ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ട് അഴിച്ചും പ്രതിഷേധിച്ചിരുന്നു.
പിന്നാലെ, ഗൂംഗൽ പെഹൽവാൻ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.