ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം ലഭിച്ചതായി വിവരം. രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്മാന് നൃപേന്ദ്ര മിശ്രയാണു പ്രതിഷ്ഠാ ചടങ്ങിലേക്കു യെച്ചൂരിയെ ക്ഷണിച്ചത്. 2024 ജനുവരി 22നാണു പ്രതിഷ്ഠാ ചടങ്ങ്. എന്നാല്‍ ക്ഷണം യെച്ചൂരി നിരസിച്ചു.
അതേസമയം, ചടങ്ങിലേക്ക് കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
എല്ലാ പാര്‍ട്ടി അധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങില്‍ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നതാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
മാത്രമല്ല, ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നാലായിരത്തോളം സന്യാസിമാരെയും ക്ഷണിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങു ജനുവരി 16നു തുടങ്ങി 22ന് അവസാനിക്കും. മണ്ഡല് പൂജ 24 മുതല്‍ 28വരെ നടക്കും. 23 മുതല്‍ ഭക്തര്‍ക്കു പ്രവേശനം നല്‍കും.
Discussion about this post