ഡെഹ്‌റാഡൂൺ: രാജ്യത്തെ മുൾമുനയിൽ നിർത്തിയ സിൽകാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിച്ച ധീരന്മാരായ റാറ്റ് ഹോൾ മൈനേഴ്‌സിന് സർക്കാരിന്റെ ഭാഗത്തു നിന്നും അവഗണനയെന്ന് പരാതി. റാറ്റ് ഹോൾ മൈനേഴ്‌സിനെ ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ വേണ്ട വിധത്തിൽ അംഗീകരിച്ചില്ലെന്ന് അവർ ആരോപിച്ചു.
തങ്ങളെ 50,000 രൂപ വീതമുള്ള ചെക്ക് നൽകി അവഗണിച്ചുവെന്നാണ് ഖനിയിൽ പണിയെടുക്കുന്ന ഈ തൊഴിലാളികളുടെ ആരോപണം. തങ്ങളോട് സർക്കാരിന് ചിറ്റമ്മനയമാണെന്ന് തൊഴിലാളികൾ ആരോപിച്ചു. മനസ്സില്ലാമനസ്സോടെയാണ് തങ്ങൾ ചെക്കുകൾ സ്വീകരിച്ചത്. ചെക്കുകൾ മാറി പണം സ്വീകരിക്കുന്നില്ലെന്നും അവർ പ്രതികരിച്ചു.
വിദേശത്ത് നിന്ന് എത്തിച്ച മെഷീനുകളും ഡ്രില്ലറുകളുമെല്ലാം പരാജയപ്പെട്ടിടത്താണ് ഖനി തൊഴിലാളികൾ കൈകൾ കൊണ്ട് തുരന്ന് തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചത്. ഡൽഹി ആസ്ഥാനമായ റോക്ക്വെൽ എന്റർപ്രൈസസായിരുന്നു അവസാനഘട്ട ഖനനം നടത്തിയത്.
ALSO READ- സിനിമ കണ്ടു മടങ്ങവെ ബൈക്കപകടം, 35കാരന് ദാരുണാന്ത്യം
മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയിൽ നിന്നും ചെക്ക് സ്വീകരിക്കാൻ മൈനേഴ്‌സ് വിസമ്മതിച്ചിരുന്നതായി റോക്ക്വെൽ എന്റർപ്രൈസ് തലവൻ വഖീൽ ഹസൻ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരുടെ നിരന്തര അഭ്യർഥനകൾക്കും അവരുടെ ഉറപ്പിനും ശേഷമാണ് ഖനി തൊഴിലാളികൾ ചെക്ക് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അവർക്ക് സ്ഥിരമായൊരു ജോലി അല്ലാത്തപക്ഷം ഈ തൊഴിലിൽ നിന്നും പുറത്തുകടക്കാൻ സഹായകരമാകുന്ന ഒരു തുക. അല്ലാതെ ജീവിതകാലം മുഴുവൻ കുഴികൾ കുഴിച്ച് ജീവിക്കാനാവില്ലെന്നും വഖീൽ ചൂണ്ടിക്കാണിച്ചു.
കൽക്കരി ഖനനം ചെയ്‌തെടുക്കാനാണ് പ്രധാനമായി റാറ്റ് ഹോൾ മൈനിങ് നടത്തുന്നത്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി 2014-ൽ നാഷണൽ ഗ്രീൻ ട്രിബ്യൂണൽ, റാറ്റ് ഹോൾ മൈനിങ് നിരോധിച്ചിരുന്നു. എന്നാൽ ഖനികളിൽ ഇപ്പോഴും ഈ രീതിയിലുള്ള കനനം നടക്കുന്നുണ്ട്.