ന്യൂഡൽഹി: ഒളിമ്പിക്സിൽ മെഡൽ നേടി രാജ്യത്തിന് അഭിമാനമായ കായികതാരം സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡൽഹിയിൽ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സാക്ഷി വൈകാരികമായി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആരോപണ വിധേയനായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം.
ഈ തിരഞ്ഞെടുപ്പിലെ നിരാശയും കേന്ദ്ര സർക്കാർ നൽകിയ വാക്ക് പാലിക്കാതിരുന്നതും സാക്ഷി പങ്കുവെച്ചു. ഗുസ്തി അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ച സാക്ഷി വാർത്താ സമ്മേളനത്തിനുശേഷം ഷൂസ് ഊരിവെച്ച് കണ്ണീരോടെയാണ് ഇറങ്ങിപ്പോയത്.
‘ഞങ്ങൾ റോഡിലാണ് 40 ദിവസം ഉറങ്ങിയത്. രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിലുള്ള ആളുകൾ തങ്ങളെ പിന്തുണച്ചു. ബ്രിജ്ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് ഡബ്ല്യൂഎഫ്‌ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ഗുസ്തി അവസാനിപ്പിക്കുകയാണ്’- എന്നാണ് കണ്ണീരോടെ സാക്ഷി മാലിക് പറഞ്ഞത്.
ഒരു വനിതാ പ്രസിഡന്റിനെയാണ് തങ്ങൾ മുന്നോട്ടുവെച്ചിരുന്നത്. അധ്യക്ഷ വനിതയായാൽ, പീഡനങ്ങൾ കുറയും. പക്ഷെ സംഘടനയിൽ എവിടേയും ഒരു സ്ത്രീ പ്രാതിനിധ്യം പോലും ഇല്ല.
ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നെന്നും താരം ചൂണ്ടിക്കാട്ടി. ഇതു നിറവേറ്റിയില്ലെന്നും സഞ്ജയ് സിങ് ബ്രിജ്ഭൂഷന്റെ വലംകൈയാണെന്നും സാക്ഷി മാലിക് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ ഏഴ് ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ബിജെപി എംപി കൂടിയായ ഡബ്ല്യൂഎഫ്‌ഐ പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങ്ങിനെതിരെയാണ് താരങ്ങൾ പ്രതിഷേധിച്ചിരുന്നത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം നടന്നിരുന്നു.