ന്യൂഡല്‍ഹി: ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിനിലൂടെ 48 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ചത് 2.81 കോടി രൂപ. 1.13 ലക്ഷത്തിലധികം പേരാണ് പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്തത്. 1.38 ലക്ഷം രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ‘ഡൊണേറ്റ് ഫോര്‍ ദേശ് എന്ന ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിന്‍ ആരംഭിച്ചത്.
പാര്‍ട്ടിയ്ക്ക് പണം നല്‍കാനുള്ള ഇടപാടുകളുടെ 80 ശതമാനവും യുപിഐ വഴിയാണ് നടന്നത്. ഒരുഭാഗത്ത് ഫണ്ടിംഗ് നടക്കുമ്പോള്‍ മറുഭാഗത്ത് കോണ്‍ഗ്രസ് ആപ്പിനെതിരെ ഇരുപതിനായിരത്തിലധികം സൈബര്‍ ആക്രമണങ്ങളും ഉണ്ടായെന്ന് അധികൃതര്‍ പറഞ്ഞു. ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളില്‍ നിന്നാണ്. ആദ്യ 48 മണിക്കൂറിനുള്ളില്‍ 1,13,700-ലധികം ആളുകള്‍ സംഭാവന നല്‍കി. മൊത്തം 2.81 കോടി രൂപ പാര്‍ട്ടിക്ക് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധി എം.പിയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെ 32 പേര്‍ ഒരു ലക്ഷത്തിലധികം രൂപ സംഭാവന നല്‍കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനായി ഗാന്ധി ഒപ്പിട്ട തൊപ്പികള്‍, മഗ്ഗുകള്‍, ടീ ഷര്‍ട്ടുകള്‍ തുടങ്ങിയ വില്‍പന നടത്തുമെന്നും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര (56 ലക്ഷം), രാജസ്ഥാന്‍ (26 ലക്ഷം), ഡല്‍ഹി (20 ലക്ഷം), ഉത്തര്‍പ്രദേശ് (19 ലക്ഷം), കര്‍ണാടക (18 ലക്ഷം രൂപ) എന്നിവയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ സംസ്ഥാനങ്ങള്‍.
ബിഹാറില്‍ ധാരാളം ആളുകള്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തുക ചെറുതാണെന്നും ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു. പ്രചാരണത്തിലൂടെ കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനും കഴിയുന്നത്ര ആളുകളെ കോണ്‍ഗ്രസുമായി ബന്ധിപ്പിക്കാനുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.