ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് ഡിഎംആര്‍സി. റീനയുടെ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. റീനയുടെ രണ്ടു കുട്ടികളേയും സംരക്ഷിക്കുമെന്നും കുടുംബത്തെ പിന്തുണയ്ക്കുമെന്നും ഡിഎംആര്‍സി വാഗ്ദാനം ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ അപകടത്തിലാണ് പാളത്തിനും ട്രെയിനിനും ഇടയിലായി കുടുങ്ങി 35കാരിയായ റീന ദേവി കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഇന്ദര്‍ലോക് മെട്രോ സ്റ്റേഷനില്‍ വച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയായിരുന്നു യുവതിയുടെ അന്ത്യം. പച്ചക്കറി വില്‍പ്പനക്കാരിയായിരുന്നു റീന.
15 ലക്ഷം രൂപയാണ് അനാഥരായ റീനയുടെ കുട്ടികള്‍ക്ക് ഡല്‍ഹി മെട്രോ നഷ്ടപരിഹാരമായി നല്‍കുക. നെഞ്ചിലും തലയിലും ഉണ്ടായ ഗുരുതര പരിക്കുകളായിരുന്നു റീന ദേവിയുടെ മരണത്തിന് കാരണമായത്. ഡല്‍ഹി മെട്രോയുടെ നിയമാവലി അനുസരിച്ച് അഞ്ച് ലക്ഷം രൂപയാണ് സാധാരണ ഗതിയിലെ നഷ്ടപരിഹാരമെന്നും എന്നാല്‍ റീന ദേവിയുടെ മരണത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 10 ലക്ഷം രൂപ അധികമായി നല്‍കുന്നതെന്നും മെട്രോ വിശദമാക്കി. റീന ദേവിയുടെ രണ്ട് മക്കളുടേയും വിദ്യാഭ്യാസ ചെലവുകളും ഡല്‍ഹി മെട്രോ വഹിക്കും. 10 വയസുള്ള മകനും 12 വയസുള്ള മകളുമാണ് റീന ദേവിക്കുള്ളത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.
ട്രെയിനില്‍ കയറിയ യുവതി, പ്ലാറ്റ്‌ഫോമിലുള്ള മകനെ കൂടി കയറ്റുന്നതിനായി തിരിഞ്ഞിറങ്ങിയപ്പോഴാണ് സാരിയുടെ തുമ്പ് വാതിലുകള്‍ക്കിടയില്‍പ്പെട്ടത്. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ യുവതി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുകയും അവിടെ നിന്ന് ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്ന കാരണത്താല്‍ പ്രവേശനം നിഷേധിച്ചു. പിന്നാലെ മറ്റ് മൂന്ന് ആശുപത്രികളെ കൂടി സമീപിച്ചെങ്കിലും ഗുരുതരാവസ്ഥ ആയതിനാല്‍ അവരും കയ്യൊഴിഞ്ഞതോടെയാണ് സഫ്ദര്‍ജങിലെത്തിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവതിക്ക് സാരമായ പരുക്കുകളുണ്ടായിരുന്നുവെന്നും ബോധമില്ലായിരുന്നുവെന്നുമാണ് സഫ്ദര്‍ജങിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. അപകടത്തില്‍ തലയ്ക്ക് സാരമായി പരുക്കേറ്റതോടെ തലച്ചോറിന് സ്ഥാനഭ്രംശമുണ്ടായെന്നും ഇതിന് പുറമെ ആന്തരീക രക്തസ്രാവമുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒടുവില്‍ ശനിയാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
2014 ല്‍ ഭര്‍ത്താവ് മരിച്ചതോടെ പച്ചക്കറി വിറ്റാണ് റീന കുടുംബം പുലര്‍ത്തിയിരുന്നത്. പത്തുവയസുള്ള മകനും 12 വയസുള്ള മകളുമാണ് റീനയ്ക്കുള്ളത്. ഡിഎംആര്‍സി ഉദ്യോഗസ്ഥരാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ ആദ്യം ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. വാതില്‍ തുറന്നിരുന്നുവെങ്കില്‍ റീന മരിക്കുകയില്ലായിരുന്നുവെന്നും അതിന് മെട്രോ അധികൃതര്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. മതിയായ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.