മുംബൈ: വിശ്വാസവഞ്ചനയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാമുകിയായ യുവതിയെ ക്രൂരമായി മർദിച്ച് കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകനും സുഹൃത്തുക്കളും അറസ്റ്റിൽ.
മഹാരാഷ്ട്ര റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ എംഡിയായ അനിൽ ഗെയ്ക്വാദിന്റെ മകൻ അശ്വജിത് ഗെയ്ക്വാദ്, റോമിൽ പട്ടേൽ, സാഗർ ഷെഡ്‌ഗെ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ വെസ്റ്റ് പോലീസ് അറിയിച്ചു.ഇവർ കൃത്യത്തിനായി ഉപയോഗിച്ച് മഹീന്ദ്ര സ്‌കോർപിയോ, ലാൻഡ് റോവർ എന്നീ കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യൽമീഡിയ ഇൻഫ്ളുവൻസറും മോഡലുമായ പ്രിയ സിങ് എന്ന യുവതി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്.
അശ്വജിത്തുമായി നാലര വർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നു. എന്നാൽ ഇതിനിടെ അശ്വജിത്ത് മറ്റൊരാളെ രഹസ്യമായി വിവാഹം ചെയ്തു. ഇതുചോദ്യം ചെയ്തതോടെയാണ് പ്രിയ സിങിനെ അശ്വജിത്തും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചതും കാലിലൂടെ കാറോടിച്ച് കയറ്റിയതും എന്നാണ് പരാതി.
ദേഹമാസകലം പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രങ്ങളും യുവതി പുറത്തുവിട്ടിരുന്നു. കാലിലൂടെയാണ് അശ്വജിത്തിന്റെ നിർദേശപ്രകാരം ഡ്രൈവർ കാറോടിച്ച് കയറ്റിയതെന്നും കാലിന് പൊട്ടലേറ്റ് കമ്പിയിട്ടിരിക്കുകയാണെന്നും പ്രിയ സിങ് പറയുന്നു.
ഡിസംബർ 11-ന് പുലർച്ചെ നാലുമണിയോടെയാണ് പ്രിയ സിങ് അശ്വജിത്തിനെ കാണാനായി വീട്ടിൽ നടന്ന പരിപാടിയിലേക്ക് എത്തിയത്. എന്നാൽ അശ്വജിത്തിനൊപ്പം ഭാര്യയെ കണ്ടത് പ്രിയ സിങ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രിയയെ മർദിച്ചതും മുഖത്തടിക്കുകയും കഴുത്തിൽ കുത്തിപ്പിടിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തത്.