മുംബൈ: പ്രണയിതാക്കൾ തമ്മിലുള്ള വഴക്ക് അവസാനിച്ചത് ക്രൂരമായ മർദ്ദനത്തിലും കൊലപാതക ശ്രമത്തിലും. മഹാരാഷ്ട്രയിലെ താനെയിൽ സോഷ്യൽമീഡിയ ഇൻഫ്ളുവൻസറായ യുവതിയാണ് കാമുകനായ അശ്വജിത്ത് ഗെയ്ക്വാദിന്റെ ക്രൂരതയ്ക്ക് ഇരയായത്. അഞ്ച് വർഷമായി പ്രണയത്തിലായിരുന്ന അശ്വജിത്ത് മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് ചോദിക്കാനെത്തിയപ്പോഴാണ് 26 വയസുള്ള പ്രിയ സിങ് എന്ന യുവതിക്ക് ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നത്.
മർദ്ദനത്തിന് പുറമെ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്താനും ഇയാൾ ശ്രമിച്ചെന്നാണ് പ്രിയ സിങ് പറയുന്നത്. അശ്വജിത്തുമായുള്ള തർക്കത്തിനിടെയാണ് അശ്വജിത്തിന്റെ സുഹൃത്തുക്കളുൾപ്പടെ മർദ്ദിച്ചതെന്നും ഇയാളുടെ കാർ ഡ്രൈവറാണ് ശരീരത്തിലൂടെ കാർ കയറ്റി ഇറക്കിയതെന്നും പ്രിയ പറയുന്നു.
സംഭവത്തിൽ അശ്വജിത്ത് ഗെയ്ക്ക്വാദിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ അനിൽ ഗെയ്ക്ക്വാദ് എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകനാണ് അശ്വജിത്ത്.
ഇയാളും പ്രിയയും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ഇയാളുടെ വീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് അശ്വജിത്ത് പ്രിയയെ വിളിച്ചത്. അവിടെയെത്തിയപ്പോൾ, മറ്റ് സുഹൃത്തുക്കളുമുണ്ടായിരുന്നെന്നും ഇയാൾ തന്നോട് മോശമായി പെരുമാറിയെന്നുമാണ് പ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പിലൂടെ പറയുനന്ത്. പരിക്കേറ്റ ചിത്രങ്ങളുൾപ്പടെ പങ്കിട്ടാണ് പ്രിയയുടെ കുറിപ്പ്.
പാർട്ടിയിൽ വെച്ച് തന്നെ അശ്വജിത്തിനോട് സ്വകാര്യമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു എന്നും എന്നാൽ, സുഹൃത്തുക്കൾക്കൊപ്പമെത്തിയ അശ്വജിത്ത് പ്രിയയോട് വഴക്കിടുകായയിരുന്നു. അശ്വജിത്തും സുഹൃത്തുക്കളും പ്രിയക്കു നേരെ അസഭ്യവർഷം നടത്തിയതായും പരാതിയിലുണ്ട്.
സുഹൃത്തുക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അശ്വജിത്ത് തന്നെ അടിക്കുകയും കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. തള്ളിമാറ്റാൻ ശ്രമിച്ച പ്രിയയെ എല്ലാവരും ചേർന്ന് വീണ്ടും മർദിച്ച് നിലത്തേക്ക് തള്ളിയിട്ടു. തുടർന്ന് കാറിൽ ഉണ്ടായിരുന്ന തന്റെ ഫോണും മറ്റ് സാധനങ്ങളും എടുക്കാൻ ശ്രമിച്ചപ്പോൾ, ഡ്രൈവറോട് പ്രിയയുടെ ദേഹത്തു കൂടെ കാർ കയറ്റാൻ അശ്വജിത്ത് ആവശ്യപ്പെടുകയായിരുന്നു. കാർ തട്ടി നിലത്തേക്ക് വീണ പ്രിയയുടെ ദേഹത്ത് കൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. തനിക്ക് ഗുരുതരമായി പരിക്കേറ്റെന്നും യുവതി പറയുന്നുണ്ട്.
വേദനകൊണ്ട് പുളഞ്ഞ് മണിക്കൂറുകൾ റോഡിൽ കിടന്നിട്ടും ആരും ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ കാർ ഡ്രൈവർ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. പരാതി നൽകരുതെന്ന് അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാർ കയറ്റിയിറക്കിയപ്പോൾ വലതുകാലിന്റെ എല്ല് പൊട്ടിയിരുന്നു.
തുടർന്ന് ശസ്ത്രക്രിയ നടത്തി. ദേഹം മുഴുവൻ പരിക്കേറ്റു. മൂന്നുനാലു മാസത്തോളം എഴുന്നേൽക്കാനാവാതെ കിടപ്പായിരുന്നുവെന്നും പ്രിയ ഇൻസ്റ്റിയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. അതിനു ശേഷം ആറുമാസം പരസഹായമില്ലാതെ നടക്കാൻ പോലും സാധിച്ചില്ല.
മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം പരിക്ക് മാറിയതോടെയാണ് പ്രിയ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.
സോഷ്യൽമീഡിയിയൽ ധാരാളം ആരാധകരുള്ള സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഇൻഫ്ളുവൻസറാണ് പ്രിയ സിങ്. ഇവർ താനെയിൽ സഹോദരിയോടൊപ്പം ബ്യൂട്ടി സലൂൺ നടത്തുകയാണ്. പ്രിയയെ കൊല്ലാനാണ് അശ്വജിത്ത് ശ്രമിച്ചതെന്ന് സഹോദരി ആകാംക്ഷ പറയുന്നു. വർഷങ്ങളായി പ്രണയത്തിലായിരുന്ന പ്രിയയ്ക്കൊപ്പം അശ്വജിത്ത് വീട്ടിലും വരാറുണ്ടായിരുന്നെന്നും അടുത്തിടെ അയാൾ മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞെന്നുമാണ് ആകാംക്ഷ പറയുന്നത്.
എന്നാൽ വിവാഹമോചിതനായെന്നാണ് ഇയാൾ പ്രിയയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അന്ന് പ്രിയയ്ക്ക് പരിക്കേറ്റ ദിവസത്തെ പരിപാടിക്കിടെ ഭാര്യയെന്നു പറയുന്ന യുവതിക്കൊപ്പം അശ്വജിത്തിനെ പ്രിയ കണ്ടിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് പ്രിയയെ അവർ ഉപദ്രവിച്ചതെന്നാണ് ആകാംക്ഷ പറയുന്നത്.
Discussion about this post