പാര്‍ലമെന്റില്‍ അതിക്രമം: മുഖ്യ സൂത്രധാരന്‍ ബംഗാളിലെ അധ്യാപകന്‍ ലളിത് ഝാ; പ്രതികള്‍ക്ക് എതിരെ യുഎപിഎ

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കഴിഞ്ഞദിവസമുണ്ടായ സുരക്ഷാ വീഴ്ചയില്‍ പ്രതികള്‍ക്ക് പിന്നില്‍ ബംഗാള്‍ സ്വദേശിയായ ആസൂത്രകന്‍. ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝായാണ് മുഖ്യ ആസൂത്രകനെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ ഇതുവരെ ആറുപേര്‍ പിടിയിലായിട്ടുണ്ട്. യുഎപിഎ വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലളിത് ഝായ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

സംഭവ സമയത്ത് ഇയാള്‍ പാര്‍ലമെന്റിനു പുറത്തുണ്ടായിരുന്നെന്നും ആക്രമണത്തിന്റെ വിഡിയോ ചിത്രീകരിച്ചെന്നും പോലീസ് പറഞ്ഞു. ജനുവരി മുതല്‍ പ്രതികള്‍ ആസൂത്രണം തുടങ്ങിയതായും ഡല്‍ഹി പോലീസ് പറയുന്നു. ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിങ് ഫെസ്ബുക്ക് ഗ്രൂപ്പില്‍ പ്രതികളെല്ലാം അംഗങ്ങളാണ്.

പാര്‍ലമെന്റില്‍ കടന്നു കയറിയത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണെന്നാണ് പ്രതികളുടെ മൊഴി. തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്‌നങ്ങള്‍, വിലക്കയറ്റം, മണിപ്പുര്‍ വിഷയങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു.

ഒന്നര വര്‍ഷം മുന്‍പ് ചണ്ഡിഗഡില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിലാണ് പ്രതികള്‍ കണ്ടുമുട്ടിയതെന്നാണു വിവരം.നേരത്തെ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രതികളില്‍ ഒരാളായ മനോരഞ്ജന്‍ പാര്‍ലമെന്റിനുള്ളില്‍ കടന്ന് നിരീക്ഷണം നടത്തിയിരുന്നു. കര്‍ഷക പ്രക്ഷോഭത്തിലുള്‍പ്പെടെ ജനകീയ വിഷയങ്ങളില്‍ ലളിത് ഝാ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

ALSO READ- ബൈക്ക് യാത്രികന്റെ മരണം, അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ ഡോക്ടറുടേത്, പിടികൂടിയത് പൊളിച്ച് വില്‍ക്കാനുള്ള ശ്രമത്തിനിടെ
മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് പല സ്ഥലങ്ങളില്‍നിന്നു ഡല്‍ഹിയില്‍ എത്തിയ ഇവര്‍ ഇന്ത്യാ ഗേറ്റില്‍ വച്ച് കണ്ടുമുട്ടി. ഇവിടെവച്ചാണ് കാനിസ്റ്ററുകള്‍ കൈമാറിയത്. തുടര്‍ന്ന് ഇന്നലെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുതന്നെ ഇവര്‍ സ്ഥലത്ത് എത്തിയിരുന്നു.

Exit mobile version