ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന് സുപ്രീം കോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെച്ചു. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും കാശ്മീരിനും ബാധകമാണെന്നും കോടതി വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 യുദ്ധ സാഹചര്യം കണക്കിലെടുത്ത് താത്ക്കാലികമായി ഏര്‍പ്പെടുത്തിയ സംവിധാനമായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 370 നിര്‍വ്വചിക്കുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് വിധി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. കേസില്‍ മൂന്ന് വിധി ന്യായങ്ങള്‍ ആണ് ഉള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഭരണഘടനാ അസംബ്ലിയുടെ ശുപാര്‍ശയില്ലാതെയും രാഷ്ട്രപതിക്ക് 370ാം വകുപ്പ് മാറ്റാന്‍ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. നിയമസഭ പിരിച്ചു വിട്ടതില്‍ ഇടപെടാനാവില്ല എന്നും കോടതി പറഞ്ഞു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും 2024 സെപ്തംബര്‍ 30 ന് അകം തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അനുച്ഛേദം 370ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നിര്‍വചിച്ചത്. പ്രത്യേക പദവി റദ്ദാക്കാന്‍ സംസ്ഥാന ഭരണഘടനാ അസംബ്ലിയുടെ പ്രമേയം വേണം. എന്നാല്‍ 1957ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ അസംബ്ലി അവസാനിച്ചു. ഇതോടെ താല്‍ക്കാലിക പദവിയായ അനുച്ഛേദം 370 സ്ഥിരം പദവിയായി.
ഇത് തുടരവെ 2019ല്‍ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ അനുസരിച്ച് നിയമസഭ പിരിച്ചുവിട്ടു. 2019 ഓഗസ്റ്റ് അഞ്ചിന് രാജ്യസഭയിലും ആറിന് ലോക്സഭയിലും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കുന്ന ബില്‍ പാസാക്കി. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കി. മറ്റ് നിരവധി നിയന്ത്രണങ്ങള്‍ ഇതോടൊപ്പം ഏര്‍പ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നും തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പ് നടത്തി എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.