ന്യൂഡൽഹി: ജമ്മു കാശ്മീരിന് നൽകപ്പെട്ടിരുന്ന പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് സുപ്രീംകോടതി. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്നും രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദചൂഢ് പരാമർശിച്ചു. ജമ്മു കശ്മീരിൽ 2024 സെപ്റ്റംബർ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നുമാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ, ദീർഘകാലം കേന്ദ്രഭരണ പ്രദേശമായി ജമ്മു കാശ്മീർ തുടരാൻ അനുവദിക്കില്ലെന്ന പരാമർശവും ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാരും ഉറപ്പു നൽകിയിട്ടുണ്ട്.
അതേസമയം, ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായതീരുമാനം സുപ്രീം കോടതി അംഗീകരിച്ചതോടെ വലിയ ആശ്വാസത്തിലാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആത്മവിശ്വസം വർധിപ്പിക്കുന്നതാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.
ALSO READ- വിവാദങ്ങൾക്കിടെ ദുബായിലെ വസതിയിൽ കൃഷ്ണ ഭജന; സംഗീതാർച്ചനയുടെ വീഡിയോ പങ്കിട്ട് എആർ റഹ്‌മാൻ
ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിൽ 16 ദിവസം വാദം കേട്ടശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയതാണ് അഞ്ചംഗ ഭരണഘടനാബെഞ്ച്.
രണ്ട് ജഡ്ജിമാർ പ്രത്യേക വിധികളെഴുതിയതോടെ ഹർജിയിൽ മൂന്ന് വിധിയാണ് ഉണ്ടായത്. ആദ്യവിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതാണ്. ബിആർ.ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഈ വിധിയോട് യോജിച്ചത്. സഞ്ജയ് കിഷൻ കൗളും സഞ്ജീവ് ഖന്നയും പ്രത്യേക വിധികളെഴുതിയത്. വിപുലമായ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്ന് നേരത്തെ ആവശ്യമുയർന്നെങ്കിലും സുപ്രീം കോടതി അതിനു തയ്യാറായില്ല.
2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ പത്തര ദിവസം ഹർജിക്കാർ സുപ്രീം കോടതിയിൽ വാദം നടത്തിയത്. കേന്ദ്ര സർക്കാർ അഞ്ചര ദിവസവും. സീനിയർ അഭിഭാഷകരായ കപിൽ സിബൽ, ഗോപാൽ സുബ്രമണ്യം, രാജീവ് ധവാൻ, സഫർ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹർജിക്കാർക്ക് വേണ്ടി വാദിച്ചത്.