ഭുവനേശ്വർ: ഒഡീഷയിലെ പ്രമുഖ കോൺഗ്രസ് നേതാവും ജാർഖണ്ഡിൽ നിന്നുള്ള എംപിയുമായ ധീരജ് പ്രസാദ് സാഹുവിന്റെ അനധികൃതമായ സമ്പത്ത് കണക്കെടുപ്പ് തുടരുന്നു. ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ബുധനാഴ്ച ആദായനികുതി വകുപ്പു നടത്തിയ റെയ്ഡ് ഞായറാഴ്ചയും തുടരുകയാണ്. ഇതുവരെ കണക്കിൽ പെടാത്ത 300 കോടിയോളം രൂപയുടെ കറൻസി നോട്ടുകളാണ് കണ്ടെടുത്തത്.
നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി കൂടുതൽ മെഷീനുകളും ജീവനക്കാരെയും ആദായനികുതി വകുപ്പ് വിളുച്ചുവരുത്തിയിട്ടുണ്ട്. കൂടാതെ, അധിക സുരക്ഷാ ജീവനക്കാരെയും അയച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലെ സാഹുവിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന.
ഇതിനിടെ, ബലംഗീർ ജില്ലയിലെ ഡിസ്റ്റിലറി ഗ്രൂപ്പിന്റെ കെട്ടിടത്തിൽ നിന്നും ഒഡീഷയിലെ സംബൽപുർ, സുന്ദർഗഡ്, ജാർഖണ്ഡിലെ ബൊക്കാറോ, റാഞ്ചി, ബംഗാളിലെ കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുമാണു പണം കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്യവിതരണക്കാരും വിൽപനക്കാരും നൽകിയ രഹസ്യവിവരങ്ങൾ അടിസ്ഥാനമാക്കിയാണു ആദായ നികുതി വകുപ്പ് പരിശോധന. അതേസമയം, ഒറ്റ പരിശോധനയിലൂടെ ഇത്രയധികം കള്ളപ്പണം കണ്ടെടുക്കുന്ന ആദ്യ ഓപ്പറേഷനാണിതെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങളും ആരംഭിച്ചു. കോൺഗ്രസ് വിശദീകരണം നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.
Discussion about this post