ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയാണ് 8 പേരും വെന്തു മരിച്ചത്. അപകടത്തെത്തുടര്‍ന്ന് കാറിന് തീപിടിച്ചു. ഈ സമയം, അകത്തുള്ളവര്‍ കാറിന്റെ ഡോറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീപിടുത്തത്തില്‍ ട്രക്കും നശിച്ചു.
നൈനിതാള്‍ ഹൈവേയിലാണ് ദാരുണ അപകടം നടന്നത്. കാര്‍ എതിര്‍ പാതയിലേക്ക് മറിഞ്ഞ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബഹേദിയിലേക്ക് മടങ്ങുകയായിരുന്നു കാറിലെ യാത്രക്കാര്‍. രാത്രി 12 മണിയോടെ ഭോജിപുര പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്നിലുള്ള ദബൗര ഗ്രാമത്തിന് സമീപം കാറിന്റെ ടയര്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചു. തുടര്‍ന്ന് നിയന്ത്രണം തെറ്റി ഡിവൈഡറില്‍ കയറി അടുത്ത പാതയില്‍ കയറി.
ഈ സമയം, ബഹേരിയില്‍ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യം പോലീസും അഗ്‌നിശമനസേനയുമെത്തി. സംഭവത്തെത്തുടര്‍ന്ന് നൈനിറ്റാള്‍ ഹൈവേയുടെ ഒരുവരി പൂര്‍ണമായും അടച്ചു. രാത്രി ഒരു മണിയോടെ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് കാറും ഡമ്പറും റോഡില്‍ നിന്ന് നീക്കം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post