ആറ് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; കൂടുതൽ മരണം കാനഡയിൽ; വിദേശ ഇന്ത്യക്കാരുടെ എണ്ണം വർധിച്ചെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശത്തെ സുരക്ഷ സംബന്ധിച്ച ചർച്ചയിൽ വിദേശത്ത് വെച്ച് മരണമടഞ്ഞ വിദ്യാർത്ഥികളുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്രമന്ത്രി. കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർഥികളാണെന്നാണ് കണക്ക്. 2018 മുതൽ സ്വാഭാവിക മരണങ്ങളും മറ്റ് അപകടങ്ങളിലും മരിച്ചവരുടെ കണക്കാണിത്.

വിദേശത്ത് ഏറ്റവുമധികം വിദ്യാർത്ഥികളുള്ള 34 രാഷ്ട്രങ്ങളിൽ കാനഡയിലാണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടതെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ വ്യക്തമാക്കി. 91 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ മരിച്ചത്.

യുകെയിൽ 48 പേർ, റഷ്യയിൽ 40, യുഎസിൽ 36, ഓസ്ട്രേലിയയിൽ 35, യുക്രൈനിൽ 21, ജർമനിയിൽ 20, സൈപ്രസിൽ 14, ഇറ്റലിയിലും ഫിലിപ്പീൻസിലുമായി 10 വീതം പേർ എന്നിങ്ങനെയാണ് ജീവൻ നഷ്ടമായ ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്ക്.

ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയുറപ്പാക്കുന്നതിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും ഭാവിയിൽ ദൗർഭാഗ്യകരമായ അവസ്ഥയുണ്ടാവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ- അനുപമയെ ഉപയോഗിച്ച് ഹണി ട്രാപ്പ് പ്ലാൻ ചെയ്തു; തട്ടിക്കൊണ്ടു പോകാൻ ലക്ഷ്യം വെച്ച കുട്ടികളുടെ വിവരങ്ങൾ ഒമ്പത് നോട്ട് ബുക്കുകളിൽ സൂക്ഷിച്ചു; ഞെട്ടിക്കുന്ന പ്ലാനിംഗ്

കൂടാതെ, മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ വിദ്യാർത്ഥികളെ സന്ദർശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മരണസംഖ്യയിൽ ആശങ്ക രേഖപ്പെടുത്തിയപ്പോൾ വിദേശത്ത് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവുണ്ടെന്നായിരുന്നു വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്.

ഇന്ത്യൻ കോൺസുലേറ്റ് നിരന്തരം വിദ്യാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അനിഷ്ടസംഭവങ്ങളിൽ അധികാരികളുമായി ഇടപെട്ട് നടപടി എടുക്കാറുണ്ടെന്നും ബാഗ്ചി വ്യക്തമാക്കി.

Exit mobile version