ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ നിയമസഭാ സാമാജികനായി ചുമതലയേല്‍ക്കാന്‍ എത്തിയത് ബൈക്കില്‍. ഭാരത് ആദിവാസി പാര്‍ട്ടിയുടെ എംഎല്‍എയായ കമലേശ്വര്‍ ദോദിയാറാണ് ഭോപ്പാലിലേക്ക് ബൈക്കില്‍ പോയത്. തന്റെ ബൈക്ക് യാത്ര സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെയാണ് കമലേശ്വര്‍ ശ്രദ്ധ നേടുന്നത്.
ബിഎപി പാര്‍ട്ടിയുടെ ഏക എംഎല്‍എയാണ് കമലേശ്വര്‍. രത്‌ലം ജില്ലയിലെ സൈലാന എന്ന മണ്ഡലത്തില്‍ നിന്നാണ് ദോദിയാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. നാട്ടില്‍ നിന്ന് തലസ്ഥാനത്തേക്ക് പോകാനായി കാര്‍ ഏര്‍പ്പാടാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം അടുത്ത ബന്ധുവിന്റെ മോട്ടോര്‍ ബൈക്ക് കടം വാങ്ങി അതില്‍ എംഎല്‍എ എന്ന ബോര്‍ഡും വച്ച് യാത്ര തുടങ്ങി. 330 കിലോമീറ്റര്‍ ബൈക്കില്‍ യാത്ര ചെയ്ത് ദോദിയാര്‍ ഭോപ്പാലിലെത്തി.
ഭോപ്പാലിലെത്തിയ ദോദിയാറിന് എംഎല്‍എമാരുടെ വിശ്രമകേന്ദ്രത്തില്‍ താമസ സൗകര്യം ഒരുക്കിയിരുന്നു. തനിക്ക് എംഎല്‍എ ആയി അധികാരമേല്‍ക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി ഭോപ്പാലിലേക്ക് പോകുകയാണെന്നും കാര്‍ ഇല്ലാത്തതിനാല്‍ ബൈക്കിലാണ് യാത്രയെന്നും കാണിച്ച് ദോദിയാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.
പോകും വഴിയില്‍ തനിക്ക് വേണ്ട സുരക്ഷ ഒരുക്കണമെന്നും ദോദിയാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവ്‌രാജ് സിംഹ് ചൗഹാന്‍, രത്‌ലം പോലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ദോദിയാറിന്റെ പോസ്റ്റ്. തന്റെ ബൈക്ക് യാത്ര ഫേസ്ബുക്കില്‍ ലൈവായി പങ്കിടുകയും ചെയ്തു. നിരവധിപ്പേരാണ് ദോദിയാറിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
ദരിദ്ര കുടുംബത്തിലെ അംഗമായ ദോദിയാറിന് കാര്‍ കടം വാങ്ങാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് തന്നെ നാട്ടുകാരില്‍ നിന്നും പണം കടം വാങ്ങിയാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് എംഎല്‍എ ആയ വിജയ് ഗെലോട്ടിനെ 4.618 വോട്ടുകള്‍ക്കാണ് ദോദിയാര്‍ പരാജയപ്പെടുത്തിയത്. 230 അംഗങ്ങളുള്ള അസംബ്ലിയില്‍ ബിജെപി 163 സീറ്റും കോണ്‍ഗ്രസ് 66 സീറ്റും ബിഎപി 1 സീറ്റുമാണ് നേടിയത്.