ഭോപാല്‍: കോടികളുടെ കണക്കുകള്‍ മാത്രം പറയുന്ന 205 എംഎല്‍എമാരുള്ള മധ്യപ്രദേശില്‍ നിന്നും അതിസാധാരണക്കാരനായ എംഎല്‍എയുടെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 233 കോടിയുടെ ആസ്തിയുള്ള ബിജെപി എംഎല്‍എ ഉള്‍പ്പടെ 230 പേരില്‍ 205 പേരും കോടീശ്വരന്മാരായ മധ്യപ്രദേശിലെ നിയമസഭയിലേക്ക് കമലേശ്വര്‍ ദൊഡിയാര്‍ (33) ജയിച്ചെത്തുന്നത് തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നാണ്.
ആദിവാസി ഊരിലെ മഴയത്ത് ചോര്‍ന്നൊലിക്കുന്ന മണ്‍കൂരയില്‍ താമസിക്കുന്ന കമലേശ്വര്‍ ദൊഡിയാര്‍ ആത്മവിശ്വാസം നാടിനോടുള്ള കൂറും മാത്രം മനസിലുറപ്പിച്ചാണ് നിയമസഭയിലേക്ക് എത്തിയിരിക്കുന്നത്. മുന്‍പ് രണ്ട് തവണയും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും സ്വന്തം നാട്ടിലേക്ക് വികസനമെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാശിയോടെ മത്സരിച്ച് മൂന്നാം തവണ വിജയത്തിലെത്തിയിരിക്കുകയാണ് കമലേശ്വര്‍. മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ്, ബിജെപി. ഇതര പാര്‍ട്ടിയില്‍ നിന്നുള്ള ഏക എംഎല്‍എ കൂടിയാണ് കമലേശ്വര്‍.
രത്ലം ജില്ലയിലുള്ള സൈലാന മണ്ഡലത്തില്‍ നിന്നാണ് കമലേശ്വര്‍ വിജയിച്ചത്. എതിരാളികളായ കോണ്‍ഗ്രസിലെയും ബിജെപിയിലെയും ശക്തരായ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് കമലേശ്വറിന്റെ വിജയം. ഭാരത് ആദിവാസി പാര്‍ട്ടി(ബിഎപി) സ്ഥാനാര്‍ഥിയായാണ് കമലേശ്വര്‍ വിജയിച്ചത്. 4618 വോട്ടുകളുടെ ലീഡും നേടി.
വിജയിത്തിനു പിന്നാലെ രേഖകളുമായി ഭോപ്പാലിലെ നിയമസഭ സെക്രട്ടേറിയറ്റിലേക്ക് ഇരുചക്രവാഹനം ഓടിച്ചാണ് കമലേശ്വര്‍ പോയത്. 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസ് യുവി ഒന്നുമില്ലാത്ത ഏക മധ്യപ്രദേശം എംഎല്‍എയും കമലേശ്വര്‍ തന്നെയായിരിക്കും.
രാധാകുവാ ഗ്രാമത്തില്‍ ജനിച്ച കമലേശ്വര്‍ കുട്ടിക്കാലം തൊട്ടേ പല ജോലികള്‍ ചെയതായിരുന്നു പഠനത്തിനുള്ള പണം കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബിക്ക് പഠിക്കുമ്പോള്‍ ഭക്ഷണം വിതരണം ചെയ്താണ് പണം കണ്ടെത്തിയത്. മകന്റെ പഠനത്തിനായി ഗുജറാത്തിലും രാജസ്ഥാനിലുമടക്കം അദ്ദേഹത്തിന്റെ അമ്മ കൂലിപ്പണികള്‍ ചെയ്തു.
പഠനശേഷം നാട്ടിലെത്തിയ കമലേശ്വര്‍ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2018-ല്‍ സെയില്‍ന നിയമസഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു. ശേഷം 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
തുടര്‍ന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംവരണ ആദിവാസി സീറ്റില്‍ ഭാരത് ആദിവാസി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. നവംബര്‍ 17-ന് നടന്ന തിരഞ്ഞെടുപ്പില്‍ 71219 വോട്ടാണ് കമലേശ്വര്‍ നേടിയത്. കോണ്‍ഗ്രസിന് 66601 ഉം ബിജെപിക്ക് 41584 ഉം വോട്ട് ലഭിച്ചു.
പാര്‍ട്ടിപ്രവര്‍ത്തകരുടെ മികച്ച പിന്തുണകിട്ടിയെന്നും പലരും സ്വന്തം കീശയില്‍ കിന്ന് പണം ചിലവാക്കിയും അവര്‍ പട്ടിണി കിടന്നുമാണ് തനിക്ക് വേണ്ടി പ്രചാരണം നടത്തിയത്. താനൊരു പാവപ്പെട്ടവനാണ്. അവശത അനുഭവിക്കുന്നവര്‍ക്കായി മികച്ചരീതിയില്‍ പ്രവര്‍ത്തിക്കണം. സര്‍ക്കാരിന്റെ പദ്ധതികള്‍ ഇവര്‍ക്കിടയില്‍ നടപ്പാക്കാന്‍ സത്യസന്ധമായും ആത്മാര്‍ഥമായും ശ്രമിക്കുമെന്നും കമലേശ്വര്‍ പറയുന്നു.