ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ചുമതലയേറ്റു. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ വെച്ച് രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശദ്ദം പ്രസാദ് കുമാര്‍ സ്പീക്കറായി ചുമതലയേല്‍ക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തം കുമാര്‍ റെഡ്ഡി, ശ്രീധര്‍ ബാബു, പൊന്നം പ്രഭാകര്‍, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദര്‍ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വര്‍ റാവു, കൊണ്ട സുരേഖ, ഝുപള്ളി കൃഷ്ണ റാവു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ആറ് വാഗ്ദാനങ്ങള്‍ ആദ്യത്തെ മന്ത്രിസഭായോഗം അംഗീകരിച്ച് ഉത്തരവിറക്കും.