ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎമാരായ നേതാക്കളിൽ ബഹുഭൂരിപക്ഷവും കോടീശ്വരന്മാർ. 230 എംഎൽഎരിൽ 205 പേരും കോടീശ്വരന്മാരെന്ന് കണക്കുകൾ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) പുറത്തുവിട്ട പട്ടികയിലാണ് ഈ കണക്കുകൾ വ്യക്തമായിരിക്കുന്നത്.
ഈ റിപ്പോർട്ട് അനുസരിച്ച് രത്ലം സിറ്റിയിലെ ബിജെപി എംഎൽഎ ചൈതന്യ കശ്യപ് ആണ് പട്ടികയിൽ മുമ്പൻ. ആസ്തി 296 കോടിയാണ് വിജയ് രാഘവ്ഗർ എംഎൽഎ സഞ്ജയ് സത്യേന്ദ്രയാണ് (ബിജെപി) 243 കോടിയുമായി രണ്ടാമത്. കോൺഗ്രസും ഇക്കാര്യത്തിൽ പിന്നിലല്ല. മൂന്നാംസ്ഥാനത്ത് പാർട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ കമൽനാഥാണ്. 134 കോടിയാണ് കമൽനാഥിന്റെ ആസ്തി.
സൈലാന മണ്ഡലത്തിലെ ഭാരത് ആദിവാസി പാർട്ടി (ബിഎപി) എംഎൽഎ കമലേശ്വർ ദൊഡിയാറാണ് ആസ്തിയിൽ ഏറ്റവും പിന്നിലുള്ളത്. 18 ലക്ഷം മാത്രമാണ് ദൊഡിയാറിന്റെ ആസ്തി. സിഹോറ ബിജെപി എംഎൽഎ സന്തോഷ് വർക്കടെ(25 ലക്ഷം)യും ഖണ്ഡ്വ മണ്ഡലത്തിലെ ബിജെപി എംഎൽഎ കഞ്ചൻ മുകേഷും(26 ലക്ഷം)പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ്.
അതേസമയം, 205 കോടീശ്വരന്മാരിൽ 102പേരും അഞ്ച് കോടിക്കും അതിനുമുകളിലും ആസ്തിയുള്ളവരാണ്. 71പേരാണ് രണ്ടുകോടിക്കും അഞ്ചുകോടിക്കും ഇടയിൽ സമ്പത്തുള്ളവർ. കൂടാതെ, 48 എംഎൽഎമാരുടെ സ്വത്ത് 50 ലക്ഷത്തിനും രണ്ടുകോടിക്കും ഇടയിലാണ്.
2018-ൽ മധ്യപ്രദേശിലെ എംഎൽഎമാരുടെ ശരാശരി ആസ്തി 10.17 കോടിയായിരുന്നു. ഇപ്പോഴിത് 11.77 കോടിയായി ഉയർന്നിട്ടുണ്ട്. മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 163 സീറ്റുകളിൽ ബിജെപിയും 66 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്.
Discussion about this post