അവസാന നിമിഷവും ഭക്ഷണത്തിനായി യാചിച്ചു; ഒടുവിൽ പട്ടിണി മരണം; പരിശോധനയിൽ ഭിക്ഷാടകന്റെ വസ്ത്രത്തിനുള്ളിൽ കണ്ടെത്തിയത് സൂക്ഷിച്ചുവെച്ച 1.14 ലക്ഷം

സൂറത്ത്: കൈയ്യിൽ ഒരു ലക്ഷത്തിലേറെ രൂപയുണ്ടായിട്ടും ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന യാചകന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു യാചകൻ റോഡരികിൽ കിടക്കുന്നതായി സൂറത്ത് ഗാന്ധി ലൈബ്രറിക്കടുത്തുള്ള കടയുടമ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസും മെഡിക്കൽ സംഘവും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വയോധികനെ ആശുപത്രിയിലെത്തിച്ചു.

50 വയസ്സിനടുത്ത് പ്രായമുള്ള ഈ വ്യക്തിയുടോ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ആശുപത്രിയിലെത്തിച്ചപ്പോൾ ചായ വാങ്ങിത്തരുമോയെന്ന് ജീവനക്കാരോട് ചോദിച്ചതായി പരിശോധിച്ച ഡോക്ടർ പറയുന്നു.

ഇയാൾ ദിവസങ്ങളോളം പട്ടിണിയിലായിരുന്നുവെന്നാണ് വിവരം. ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതോടെയാണ് അവശനിലയിലായത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ മരണപ്പെടുകയും ചെയ്തു.

ALSO READ- ‘കേരള വിദ്യാഭ്യാസ മാതൃക പ്രകീർത്തിക്കപ്പെട്ടത്; കേരളം മുൻപന്തിയിലാണ്’; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിലപാട് തള്ളി വിദ്യാഭ്യാസ മന്ത്രി

ഗുജറാത്തി ഭാഷയിലാണ് തങ്ങളോട് സംസാരിച്ചതെന്നും ഇദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ലെന്നും പോലീസ് പറഞ്ഞു. ഇവിടെ വെച്ച് പരിശോധിച്ചപ്പോഴാണ് ഇയാളുടെ കൈവശം 1.14 ലക്ഷത്തോളം രൂപയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

500 രൂപയുടെ 38 നോട്ടുകൾ, 200 രൂപയുടെ 83 നോട്ടുകൾ, 100 രൂപയുടെ 537 നോട്ടുകളും 10 രൂപ, 20 രൂപ നോട്ടുകളുമാണ് ലഭിച്ചത്. പണം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ധരിച്ചിരുന്ന സ്വെറ്ററിന്റെയും പാന്റിന്റെയും പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Exit mobile version