ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഡിസംബര്‍ 4ന് വൈകീട്ടോടെ ഇത് മിഷോങ് ചുഴലിക്കാറ്റായി മാറി കരതൊടും. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും തീരദേശ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
ഡിസംബര്‍ നാലിന് വൈകീട്ടോടെ ചെന്നൈയ്ക്ക് സമീപം നെല്ലൂരിനും ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് കരതൊടുക. പുതുച്ചേരിയില്‍ നിന്നും 420 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം.
ഡിസംബര്‍ 5 ന് ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരം കടക്കുന്ന ചുഴലിക്കാറ്റ് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗതയിലായിരിക്കും സഞ്ചരിക്കുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ കാറ്റ് വീശിയേക്കാമെന്നും പ്രതീക്ഷിക്കുന്നുണ്ട്.