ഉത്തര്‍പ്രദേശില്‍ ബിജെപി വിടാനൊരുങ്ങി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി)യും അപ്നാ ദളും. ഉത്തര്‍പ്രദേശില്‍ ചെറു സഖ്യകക്ഷികളോടുള്ള ബി.ജെ.പിയുടെ ഉപയോഗിച്ച് വലിച്ചെറിയുക എന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ മുന്നണി വിടുമെന്നാണ് എസ്.ബി.എസ്.പിയും അപ്നാ ദളും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സഖ്യം തുടരണോ വേണ്ടയോ എന്ന് ബി.ജെ.പിക്ക് തീരുമാനിക്കാം. അതിന് 100 ദിവസത്തെ സമയമാണ് തങ്ങള്‍ അനുവദിക്കുന്നതെന്ന് എസ്.ബി.എസ്.പി തലവനും പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു. ഒ.ബി.സി ക്വാട്ടയില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന തങ്ങളുടെ ആവശ്യം 100 ദിവസത്തിനുള്ളില്‍ അംഗീകരിക്കണമെന്നാണ് രാജ്ഭറിന്റെ ആവശ്യം.
തങ്ങളെയും പാര്‍ട്ടി അണികളെയും ഇനിയും അവഗണിക്കാനാണ് ഭാവമെങ്കില്‍ എന്ത് തീരുമാനം വേണമെങ്കിലും എടുക്കുമെന്നാണ് അപ്നാ ദള്‍ കോര്‍ഡിനേറ്ററും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേലിന്റെ മുന്നറിയിപ്പ്. ഏതു തെരഞ്ഞെടുപ്പ് വന്നാലും ചെറു സഖ്യകക്ഷികളുടെ സഹായം കൊണ്ട് ബി.ജെ.പി വോട്ട് നേടാറുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ചെറു കക്ഷികളെ വേണ്ട. അപ്നാ ദള്‍ ഇപ്പോഴാണ് ഇക്കാര്യം മനസിലാക്കിയത്. പക്ഷേ തനിക്ക് ഈ വസ്തുത കഴിഞ്ഞ 21 മാസമായി അറിയാമെന്നും രാജ്ഭര്‍ പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിന് തങ്ങളോടുള്ള മനോഭാവം മാറിയില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്നും രാജ്ഭര്‍ വ്യക്തമാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെയും രാജ്ഭര്‍ രൂക്ഷ വിമര്‍ശനം നടത്തി. യോഗിക്ക് പശുക്കളെ മാത്രം രക്ഷിച്ചാല്‍ മതിയെന്നും തനിക്ക് പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്നും തങ്ങള്‍ വ്യത്യസ്തരാണെന്നും രാജ്ഭര്‍ തുറന്നടിച്ചു.