ആശങ്കവേണ്ട; ആധാറുമായി ബന്ധിപ്പിച്ച 50 കോടി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാകില്ലെന്ന് യുഐഡിഎഐ

മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി ഉപയോക്താക്കള്‍ക്ക് ആധാര്‍ വേണമെങ്കില്‍ വിച്ഛേദിക്കാം

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാകില്ലെന്ന് ആധാര്‍ അതോറിറ്റിയും (യുഐഡിഎഐ) ടെലികോം വകുപ്പും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി ഉപയോക്താക്കള്‍ക്ക് ആധാര്‍ വേണമെങ്കില്‍ വിച്ഛേദിക്കാം. ആധാര്‍ ഇ-കെവൈസി ഉപയോഗിച്ച് എടുത്ത 50 കോടി കണക്ഷനുകള്‍ റദ്ദാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു.

ആധാര്‍ ഇ-കെവൈസി ഉപയോഗിച്ച് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കണമെന്ന് വിധിയില്‍ ഒരിടത്തും പറയുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കവേണ്ട. നിലവിലുള്ള നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നല്‍കിയാല്‍ മതി. ആധാറിനുപകരമായി മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കണമെന്നു അധികൃതര്‍ വ്യക്തമാക്കി.

പുതിയ സിംകാര്‍ഡുകള്‍ നല്‍കാനായി പ്രത്യേക കെവൈസി സംവിധാനം രൂപവത്കരിക്കും. പുതിയ സിം കാര്‍ഡ് വേണ്ടവരുടെ അപേക്ഷ നല്‍കാനെത്തിയ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോട്ടോ, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കെവൈസി സംവിധാനമാണ് തയ്യാറാക്കുന്നത്.

Exit mobile version