അട്ടാരി: ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്താനിലേക്ക് പോയ അഞ്ജു സ്വദേശത്തേക്ക് തിരിച്ചെത്തി. ഉത്തര്‍പ്രദേശ് സ്വദേശി അഞ്ജു (34) ആണ് പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ക്വ സ്വദേശിയായ നസ്‌റുള്ളയെ വിവാഹം കഴിക്കാന്‍ ഇന്ത്യ വിട്ടു പോയത്. മക്കളെ കാണാനായി അട്ടാരി അതിര്‍ത്തി വഴി യുവതി കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കെത്തി.
ഉത്തര്‍പ്രദേശിലെ കൈലോര്‍ ഗ്രാമത്തില്‍ ജനിച്ച അഞ്ജു രാജസ്ഥാനിലെ ആള്‍വാറില്‍ താമസിക്കവെയാണ് പാകിസ്താനിലേക്ക് പോയത്. 2019ലാണ് നസ്റുള്ളയും അഞ്ജുവും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായത്. വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണ് അഞ്ജു. ജൂലൈ 25ന് നസ്‌റുള്ളയെ അഞ്ജു വിവാഹം കഴിച്ചു. തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിച്ച ഇവര്‍ അഞ്ജു എന്ന പേര് മാറ്റി ഫാത്തിമ എന്ന പേര് സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാഹശേഷം നാല് മാസത്തിന് ശേഷമാണ് അഞ്ജു തന്റെ 15 വയസ്സുള്ള മകളെയും ആറ് വയസ്സുള്ള മകനെയും കാണാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. മക്കളെ കണ്ടതിന് ശേഷം അഞ്ജു എന്ന ഫാത്തിമ പാകിസ്താനിലേക്ക് മടങ്ങും എന്നാണ് വിവരം. ഇവരുടെ വിസ പാക് സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേനെയാണ് അഞ്ജു വീടുവിട്ടിറങ്ങിയത്. എന്നാല്‍ പിന്നീടാണ് അഞ്ജു പാക്കിസ്ഥാനിലാണെന്ന് വീട്ടുകാര്‍ അറിഞ്ഞതെന്നും അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.