സിൽകാര:ഉത്തരകാശിയിലെ തുരങ്കമിടിഞ്ഞ് കുടുങ്ങിപ്പോയ 41 തൊഴിലാളികളെ രാജ്യം 17 ദിവസത്തെ കാത്തിരിപ്പിന് ഒടുവിലാണ് പുറത്തെത്തിച്ചത്. സുരക്ഷിതരായി പുറത്തെത്തിയ 41 പേരെയും വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചതും.
യന്ത്രങ്ങൾ പോലും പരാജയപ്പെട്ടിടത്ത് ചെറിയ ടൂളുകൾ ഉപയോഗിച്ച് കൈകൾ കൊണ്ട് തുരന്നാണ് ഈ തൊഴിലാളികളെ പുറംലോകത്തേക്ക് എത്തിച്ചത്. ഇടിഞ്ഞുവീണ പാറകളെ എലിമാളം പോലെ തുരന്ന് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച മൈനേഴ്സ് രാജ്യത്തിന്റെ തന്നെ ഹീറോകളായി മാറിയിരിക്കുകയാണ്.
സിൽകാരയിലെ തുരങ്കത്തിലെ ജീവനുകളെ രക്ഷിക്കാൻ എത്തിയത് വകീൽ ഹസന്റെ നേതൃത്വത്തിലുള്ള ‘റാറ്റ്ഹോൾ മൈനേഴ്സ്’ എന്നറിയപ്പെടുന്ന സംഘമാണ്.പേരുകേട്ട മൈനിംഗ് യന്ത്രങ്ങളെല്ലാം പകച്ചുപോയിടത്താണ് ഈ സംഘത്തിന്റെ വിജയ്. അമേരിക്കൻ ഓഗർ യന്ത്രം പല തവണ പണി മുടക്കിയപ്പോൾ കൈക്കരുത്തു കൊണ്ടാണ് ഇവർ വിജയം നേടിയത്.
രക്ഷാപ്രവർത്തനത്തിന് എത്തിച്ച ഓഗർ മെഷീൻ സ്പൈറൽ ബ്ലേഡ് മൂന്നുദിവസമായിട്ടും ഫലം കാണാത്തിടത്താണ് കരവിരുതുകൊണ്ട് 2.6 അടി വ്യാസമുള്ള കുഴലിനകത്ത് കയറിയിരുന്ന് സംഘം കേവലം 36 മണിക്കൂർ കൊണ്ട് ലക്ഷ്യത്തിലെത്തിയത്. ഈ രക്ഷാദൗത്യത്തിലെ പ്രധാനപങ്കാളികളായ ഈ ഹീറോകളെ വാഴ്ത്തുകയാണ് മാധ്യമങ്ങളും.
അതേസമയം, അഭിനന്ദന പ്രവാഹങ്ങൾക്കിടെ ഇവർ പ്രതിഫലം നിരസിച്ചെന്ന തരത്തിലുളഅള വാർത്തകളും എത്തിയിരിക്കുകയാണ്. ഇത് തങ്ങളുടെ രാജ്യത്തിന് വേണ്ടിയാണെന്നും അതിനാൽ പ്രതിഫലം വേണ്ടെന്നുമാണ് സംഘത്തിന്റെ നിലപാടെന്ന് ‘ഇന്ത്യ ടുമോറെ’യുടെ റിപ്പോർട്ട് പറയുന്നു.
കുടിവെള്ള പൈപ്പ് ലൈനുകളും അഴുക്കുചാലുകളുമെല്ലാം വൃത്തിയാക്കിയെടുക്കുന്ന ജോലി ചെയ്യുന്ന ‘റോക്ക് വെൽ’ എന്ന കമ്പനിയിലെ ജീവനക്കാരാണ് ഈ മൈനേഴ്സ്. തുരങ്കത്തിനുള്ളിൽ കയറി 12 മീറ്റർ തുരക്കാനായിരുന്നു സംഘത്തെ വിളിച്ചുവരുത്തിയത്. 32 ഇഞ്ച് ഇരുമ്പ് കുഴലിനകത്ത് മെയ്വഴക്കത്തോടെ എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇവര് തുരന്നെത്തിയത് തുരങ്കത്തിൽ അകപ്പെട്ടതൊഴിലാളികൾക്ക് അരികിലേക്കായികുന്നു.
17 ദിവസമായി തുരങ്കത്തിൽ കഴിയുന്നവരുടെ അരികിൽ പുറംലോകത്തുനിന്ന് രക്ഷാദൗത്യവുമായി എത്തി ആദ്യം കണ്ടുമുട്ടിയത് 29കാരനായ മുന്നാ ഖുറൈശിയായിരുന്നു. പിന്നീട് ഇവർക്കൊപ്പം തുരന്നുകൊണ്ടിരുന്ന മോനു കുമാർ, വകീൽ ഖാൻ, ഫിറോസ്, പർസാദി ലോധി, വിപിൻ റജാവത്ത് എന്നിവരും കുഴൽപാതയിലൂടെ തൊഴിലാളികളുടെ അടുത്തെത്തി. മൂന്ന് ടീം ഷിഫ്റ്റുകളായി 24 മണിക്കൂറും ജോലി ചെയ്താണ് കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്തിയത്.
‘അവസാനത്തെ പാറയും നീക്കം ചെയ്തപ്പോൾ അവരെ കാണാനായി. അവർ ഞങ്ങളെ കെട്ടിപ്പിടിച്ച് ഉയർത്തി. ഒപ്പം പുറത്തെത്തിക്കുന്നതിന് നന്ദിയും പറഞ്ഞു. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാനത് ചെയ്തത്’-രക്ഷാദൗത്യത്തെ കുറിച്ച് ഖുറേഷി പറയുന്നതിങ്ങനെ.
ഈ സംഘത്തിന്റെ നായകൻ വകീൽ ഹസൻ ആണ്. ആദ്യമായാണ് ഒരു രക്ഷാദൗത്യത്തിന് എത്തുന്നതെന്ന് ഇദ്ദേഹം പറയുകയാണ്. യന്ത്രം തോൽക്കുന്ന ഘട്ടങ്ങളിൽ തൊഴിലാളികളെ ഉപയോഗിച്ച് ഖനികളിലും പൈപ്പ്ലൈനിടുന്ന ഖനന പ്രവൃത്തികളാണ് ‘റാറ്റ് ഹോൾ മൈനിങ്’.
മേഘാലയയിലെ ഖനികളിൽ എലിമാളം പോലൊരുക്കുന്ന മടകളിലൂടെ ചെറിയ കുട്ടികളെ ഉപയോഗിച്ച് നടത്തിയ ഈ ഖനനരീതി രാജ്യത്ത് നിരോധിക്കപ്പെട്ടതാണ്. എങ്കിലും യന്ത്രങ്ങൾ കൊണ്ട് സാധിക്കാത്ത ഘട്ടങ്ങളിൽ ഇന്നും തൊഴിലാളികളെ ഉപയോഗിച്ച് ഈ രീതി നടപ്പാക്കാറുണ്ട്.
Discussion about this post